ആലപ്പുഴ : കുട്ടനാട്ടിലെ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില സംസ്ഥാന സർക്കാർ അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ഏകദിന ഉപവാസ സമരം നടത്തുന്നു. ബിജെപി ജില്ലാ അദ്ധ്യക്ഷൻ എംവി ഗോപകുമാറാണ് ഇന്ന് രാവിലെ മുതൽ ആലപ്പുഴ ജില്ലാ കളക്ടറേറ്റ് പടിക്കൽ ഉപവാസമിരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉപവാസം ഉദ്ഘാടനം ചെയ്തു.
തുടർച്ചയായി ഉണ്ടാകുന്ന തിരിച്ചടികളെ അതിജീവിച്ച് കൃഷി നടത്തിയിട്ടും സംഭരിച്ച നെല്ലിന്റെ വില പോലും കുട്ടനാട്ടിലെ കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിസന്ധി രൂക്ഷമായി ദുരിതത്തിലായ കർഷകർക്ക് നെല്ലിന്റെ വില വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി ബിജെപി സമരരംഗത്തുണ്ട്. സമരം കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കളക്ടറേറ്റ് പടിക്കൽ ബിജെപി ഉപവാസ സമരം ഇന്ന് സംഘടിപ്പിച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തതോടെ ജില്ലാ അദ്ധ്യക്ഷൻ എം വി ഗോപകുമാർ ഇന്ന് രാവിലെ 10 മണി മുതൽ കളക്ടറേറ്റിന് മുൻപിൽ ഉപവാസം ആരംഭിച്ചു.
കേരളത്തിലെ കാർഷിക മേഖലയാകെ സംസ്ഥാന സർക്കാർ അവതാളത്തിൽ ആക്കിയിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മോദി സർക്കാരിന്റെ കാലത്ത് കേരളം ഒരുതരത്തിലും അവഗണിക്കപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് പിണറായി സർക്കാർ കള്ള പ്രചാരണങ്ങൾ നടത്തുകയാണ്.
അതിദയനീയമായ അവസ്ഥയിലൂടെയാണ് കുട്ടനാട്ടിലെ കർഷകർ കടന്നുപോകുന്നത് സംസ്ഥാനസർക്കാർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ എം വി ഗോപകുമാർ പറഞ്ഞു. ബിജെപി നേതാക്കളും പ്രവർത്തകരും ഉപവാസത്തിൽ പങ്കെടുത്തു. വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ കെഎസ് രാധാകൃഷ്ണൻ പങ്കെടുക്കും.
Comments