അഹമ്മദാബാദ് : കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണ മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ ഹിരാ സോളങ്കി. നാല് യുവാക്കളാണ് അപകടത്തിൽ പെട്ടത്. ഇതിൽ ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. പട്വ ഗ്രാമത്തിന് സമീപത്താണ് അപകടമുണ്ടായത്.
കൽപേഷ് ഷിയാൽ, വിജയ് ഗുജാരിയ, നികുൽ ഗുജാരിയ, ജീവൻ ഗുജാരിയ എന്നീ നാല് യുവാക്കൾ ബുധനാഴ്ച ഉച്ചയ്ക്ക് റജുലയിലെ പട്വ ഗ്രാമത്തിന് സമീപമുള്ള കടൽത്തീരത്ത് കുളിക്കാൻ ഇറങ്ങുകയായിരുന്നു.
എന്നാൽ ശക്തമായ ഒഴുക്കും തിരമാലകളും കാരണം, നാല് പേരും യുവാക്കൾ ആഴമുള്ള ഭാഗത്തേയ്ക്ക് ഒഴുകി. സഹായത്തിനായുള്ള ഇവരുടെ നിലവിളി സമീപത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടു. യുവാക്കളെ സഹായിക്കാൻ നാട്ടുകാർ ഓടിയെത്തി. സംഭവം നടക്കുമ്പോൾ ഹിരാ സോളങ്കിയും ബീച്ചിലുണ്ടായിരുന്നു . വിവരമറിഞ്ഞ ഹിരാ സോളങ്കി യുവാക്കളെ രക്ഷിക്കാൻ കടലിലേക്ക് ചാടുകയായിരുന്നു. പിന്നാലെ നാട്ടുകാരും എത്തി. മൂന്ന് പേരെ വളരെ പെട്ടന്ന് തന്നെ ഇവർ ബോട്ടിലേക്ക് വലിച്ച് കയറ്റി. ഇതിൽ ജീവൻ ഗുജാരിയ എന്ന യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല . ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി.
Comments