ഇടുക്കി : പഠിച്ച വിദ്യാലയത്തോട് എല്ലാവർക്കും പ്രത്യേക ഇഷ്ടമുണ്ടാകും . എന്നാൽ ജീവിക്കാനുള്ള നെട്ടോട്ടത്തിൽ പലർക്കും പഴയ സ്കൂൾ ദിനങ്ങളോ , എന്തിന് സ്കൂൾ പോലും ഓർക്കാൻ സമയമുണ്ടാകില്ല . എന്നാൽ പഠിച്ചിറങ്ങി 63 വർഷം കഴിഞ്ഞിട്ടും സ്വന്തം സ്കൂളിനെ ഏറെ സ്നേഹിക്കുന്ന ഒരാൾ . അങ്ങനെയൊരാൾ ഒരു സ്കൂളിന് നൽകുന്ന ഗുരുദക്ഷിണയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .
കുടയത്തൂർ, മുതിയാമല ഗവ. എൽപി സ്കൂളിൽ 1960 മുതൽ 1965 വരെ പഠിച്ച ജോർജ് മുണ്ടയ്‌ക്കൽ താൻ ആദ്യപാഠങ്ങൾ പഠിച്ച സ്കൂളിലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള ചില വിദ്യാർത്ഥികളെ സഹായിക്കാൻ ഒരു സ്കോളർഷിപ് നൽകാനാണ് ആദ്യം തീരുമാനിച്ചത്.
പക്ഷേ ബുദ്ധിമുട്ടുള്ളവർ ധാരാളം ഉണ്ട് എന്നതിനാൽ സ്കൂൾ അധികൃതരുമായി ആലോചിച്ച് എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനമായി 300 രൂപവീതം നൽകാൻ തീരുമാനിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും അക്കൗണ്ടിലേക്ക് എല്ലാ മാസവും 29ന് 300 രൂപ വീതം ക്രെഡിറ്റാകും .
അത് സ്കൂൾ കാലയളവിൽ മാത്രമല്ല 12 മാസവും നൽകുന്നുമുണ്ട്. 2019– 2020 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഈ സമ്മാന വിതരണം അഞ്ചാം വർഷവും തുടരുകയാണ്.ഭാര്യ ഏലിയാമ്മ ജോർജിനും മക്കളായ ആൻ, അബി എന്നിവർക്കും ഒപ്പം പുതുച്ചേരിയിലാണ് ജോർജ് മുണ്ടയ്‌ക്കലിന്റെ താമസം.
Comments