ന്യൂഡൽഹി : രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിൽ നാല് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് ഷാ രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തിയത്. രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചതായി ഷാ ട്വീറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ , രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചതായി ”. രാഷ്ട്രപതിഭവനും ട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണിപ്പൂരിൽ അമിത് ഷാ മാദ്ധ്യമങ്ങളെ കാണുകയും സംസ്ഥാനത്ത് അടുത്തിടെ നടന്ന അക്രമങ്ങളെക്കുറിച്ച് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മണിപ്പൂർ ഗവർണറുടെ അദ്ധ്യക്ഷതയിൽ ഒരു സമാധാന സമിതി രൂപീകരിക്കുമെന്നും അതിൽ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അക്രമം രൂക്ഷമായ മണിപ്പൂരിലെ എല്ലാ വിഭാഗങ്ങളോടും സമാധാനം നിലനിർത്താനും ചർച്ചകൾ നടത്താനും ഐക്യം പ്രോത്സാഹിപ്പിക്കാനും ഷാ അഭ്യർത്ഥിച്ചു.
ഇതിനു പിന്നാലെ മണിപ്പൂരിൽ സമാധാന ശ്രമങ്ങൾ ഫലം കാണ്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് ശേഷം നിരവധി അക്രമികൾ ആയുധങ്ങൾ വെച്ച് കീഴടങ്ങി. സുരക്ഷാസേനയിൽ നിന്ന് മോഷ്ടിച്ചതുൾപ്പടെയുള്ള ആയുധങ്ങളാണ് ഹാജരാക്കിയതെന്ന് പോലീസ് അറിയിച്ചു. സംഘർഷം കുറഞ്ഞതോടെ പല ജില്ലകളിലും കർഫ്യു ഇളവ് നൽകി.
അക്രമികൾ ആയുധം താഴെവെക്കണമെന്നും, സുരക്ഷാ സേനയിൽ നിന്ന് മോഷ്ടിച്ച ആയുധങ്ങൾ തിരികെ നൽകണമെന്നും സമാധാന ചർച്ചകൾക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിറകെയാണ് മണിപ്പൂരിൽ വിവിധയിടങ്ങളിൽ അക്രമികൾ ആയുധം വെച്ച് കീഴടങ്ങിയത്. സുരക്ഷാ സേനയിൽ നിന്ന് മോഷ്ടിച്ചതുൾപ്പടെ 140 ആയുധങ്ങൾ ഹാജരാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടാതെ സംഘർഷ ബാധിത മേഖലകളിൽ ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിത്തുടങ്ങി.
Comments