ആലപ്പുഴ : അദ്ധ്യാപന ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ദിവസം തന്നെ നിർധന കുടുംബത്തിന് വീട് വെയ്ക്കാൻ സ്ഥലം സൗജന്യമായി നൽകി അദ്ധ്യാപകൻ. അദ്ധ്യാപകനായ റജി മാത്യു കിഴക്കേക്കണ്ടമാണ് തന്റെ പേരിലുള്ള 3.5 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. മുതുകുളം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു ഇദ്ദേഹം. പത്തിയൂർ സ്വദേശിനി ശാലിനി സാമുവലിനാണ് വീട് വെയ്ക്കുന്നതിനായി സ്ഥലം കൈമാറിയത്.
കഴിഞ്ഞ ദിവസം ജോലിയിൽ നിന്നും വിരമിച്ച റജി മാത്യു അന്നുതന്നെ വസ്തുവിന്റെ ആധാരമുൾപ്പെടെ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വ മാർ ഇഗ്നാത്തിയോസിന് കൈമാറിയിരുന്നു. കരുതൽ ഉച്ചയൂണ് കൂട്ടായ്മയിലെ ഷാജി. കെ. ഡേവിഡാണ് ശാലിനിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ അറിയിച്ചത്. ഇതേത്തുടർന്ന് വസ്തു ശാലിനിയുടെ കുടുംബത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. പാണ്ഡവർകാവ് ജംഗ്ഷൻ – രാമപുരം റോഡരികിലുള്ള വസ്തുവിൽ വീടിന്റെ കല്ലിടൽ കഴിഞ്ഞദിവസം ജോഷ്വ മാർ ഇഗ്നാത്തിയോസ് നിർവഹിച്ചു.
Comments