ഭുവനേശ്വർ: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ കേടുപാടുകൾ സംഭവിച്ച ഒരു ബോഗി മുറിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. അപകടത്തിൽപ്പെട്ട 10-12 ബോഗികളിൽ ഇനി അവശേഷിക്കുന്നത് ഒരു ബോഗി മാത്രമാണ്. ഇത് ഗുരുതരമായി തകർന്നിട്ടുണ്ട്.
എൻഡആർഎഫും, ഒറീസ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഫയർ സർവീസും ചേർന്ന് ബോഗി മുറിച്ചുമാറ്റുന്നതിനുള്ള നടത്തി കൊണ്ടിരിക്കുകയാണ്. ഇതിനുള്ളിൽ യാത്രക്കാരുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ബോഗിയിലുണ്ടായിരുന്ന പരിക്കുപറ്റിയവരെയും മരണപ്പെട്ടവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
എന്നാൽ ട്രെയിനിന്റെ ബോഗിയ്‌ക്ക് കേടുപാടുകൾ സംഭവിച്ചിരിക്കുന്നതിനാൽ ദൗത്യം പൂർത്തീകരിക്കുന്നത് ഏറെ പ്രയാസകരമാണ്. റെയിൽവേ ബോർഡ് ചെയർമാനും എൻഡിആർഎഫ് മേധാവിയും ജില്ലാ മജിസ്‌ട്രേറ്റും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ മരണസംഖ്യ 233 ആയെന്നും 900 പേർക്ക് പരിക്കേറ്റ് ചികിത്സയിലാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
Comments