എറണാകുളം : സിപിഎമ്മിനെതിരെ തുറന്നടിച്ച് വ്യവസായി എൻഎ മുഹമ്മദ് കുട്ടി. കളമശേരി ഏരിയാ കമ്മറ്റി ഓഫിസ് നിർമാണത്തിനായി സിപിഎമ്മുകാർ വൻതുക വാങ്ങിയെന്ന് മുഹമ്മദ് കുട്ടി. മന്ത്രി രാജീവിന്റെ ഇലക്ഷൻ പ്രചാരണത്തിനായും പണം നൽകിയെന്നും ആരോപണം. ആശുപത്രികൾക്ക് മാത്രമല്ല വ്യവസായങ്ങൾക്കും സംരക്ഷണം വേണമെന്നും മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.
വ്യവസായം നടത്തിക്കൊണ്ടു പോകാൻ സിപിഎമ്മുകാർ അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസമാണ് കളമശേരിയിലെ ഫാൽക്കൺ കമ്പനി ഉടമ എൻഎ മുഹമ്മദി കുട്ടി ആരോപിച്ചത്. അതിനു പിന്നാലെയാണ് സിപിഎമ്മുകാർ കളമശേരി ഏര്യാ കമ്മറ്റി നിർമാണത്തിനടക്കം വൻതുക വാങ്ങിയിട്ടുണ്ടെന്ന ഫാൽക്കൺ എം.ഡിയുടെ വെളിപ്പെടുത്തൽ. പി.രാജീവ് എം.പിയായിരിക്കുമ്പോൾ ഇലക്ഷൻ പ്രചാരണത്തിന് രണ്ട് ലക്ഷം രൂപ മുടക്കി വീഡിയോ തയ്യാറാക്കി നൽകി. രാജീവ് ആവശ്യപ്പെട്ടിട്ടാണ് ഇത് ചെയ്തതെന്നും എൻഎ മുഹമ്മദ് കുട്ടി ആരോപിച്ചു.
വ്യവസായത്തെ ബാധിക്കുന്ന തരത്തിൽ സിപിഎമ്മുകാർ പ്രവർത്തിച്ചാൽ പലതും തുറന്നു പറയേണ്ടി വരുമെന്നാണ് മുഹമ്മദ് കുട്ടിയുടെ നിലപാട്. ആശുപത്രികൾക്കു മാത്രമല്ല വ്യവസായങ്ങൾക്കും സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments