തിരുവനന്തപുരം ; കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് സ്വീകരണം നൽകി ഓൾ കേരള മെൻസ് അസോസിയേഷൻ. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു മാലയിട്ട് സ്വീകരണം നൽകിയത്.
സവാദ് തെറ്റ് ചെയ്തെന്നാണ് ആദ്യം കരുതിയത്, എന്നാൽ പെണ്‍കുട്ടിയുടെ വീഡിയോ കണ്ടതോടെ യുവാവ് തെറ്റ് ചെയ്തില്ലെന്ന് മനസിലായെന്നും ഇതോടെയാണ് പിന്തുണയുമായി എത്തിയതുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ സ്വീകരണത്തിന് ശേഷം പ്രതികരിച്ചു.
ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്. തുടർന്ന് സവാദ് വാഹനത്തിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്
തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇന്ന് എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി നൽകിയ കള്ളപ്പരാതിയാണെന്ന് ആരോപിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ ഡിജിപിക്ക് പരാതിയും നൽകി.യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Comments