ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെക്കണമെന്ന് മാദ്ധ്യമങ്ങൾക്ക് പാകിസ്താൻ സൈന്യം നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ഈയാഴ്ച ആദ്യം പ്രമുഖ മാദ്ധ്യമസ്ഥാപനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാകിസ്താൻ സൈന്യം നിർദ്ദേശം നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇമ്രാനുമായി ബന്ധപ്പെട്ട വാർത്തകൾ നിർത്തണമെന്ന സൈന്യത്തിന്റെ നിർദ്ദേശം രാജ്യത്തെ ആറിലധികം മാദ്ധ്യമപ്രവർത്തകർ സ്ഥിരീകരിച്ചതായി ദി ഇന്റർസെപ്റ്റ് റിപ്പോർട്ട് ചെയ്തു. അൽ ഖാദിർ ട്രസ്റ്റ് കേസിൽ അറസ്റ്റിലായ ഇമ്രാൻ ഖാന്റെ ജനപ്രീതിക്ക് കോട്ടം തട്ടാത്ത സാഹചര്യത്തിലാണ് പാകിസ്താൻ സൈന്യത്തിന്റെ ഈ നടപടി.
മെയ് 9-ന് അൽ ഖാദിർ അഴിമതി കേസിൽ ഇമ്രാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി തങ്ങൾക്കെതിരെ പ്രതിഷേധം രൂപപ്പെട്ടത് വലിയ കോട്ടമായാണ് സൈന്യം കണക്കാക്കുന്നത്. പ്രതിഷേധത്തിൽ പാക് പഞ്ചാബ് പ്രവിശ്യയിൽ മാത്രം ഏകദേശം ആയിരത്തോളം തെഹ്രികെ ഇൻസാഫ് നേതാക്കളും പ്രവർത്തകരും അറസ്റ്റിലായിരുന്നു. നിരവധിപേർ അന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments