ആലപ്പുഴ: ഉപയോഗിക്കാതെ കിടന്ന 11 കെവി ലൈനിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന ചെമ്പുകമ്പികൾ മോഷ്ടിച്ചു. ആലപ്പുഴ മാന്നാർ വൈദ്യുതി സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന പാണ്ടനാട് ചിറക്കുഴി ട്രാൻസ്ഫോമറിന് സമീപം, പാടത്ത് കൂടി പോകുന്ന വൈദ്യുതി തൂണുകളിൽ വലിച്ചിരുന്ന ചെമ്പ് ലൈനുകളാണ് കാണാതായത്.
വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഈ ലൈനുകളിൽ ഗേജ് കൂടിയ ചെമ്പുകമ്പികളാണ് ഉപയോഗിച്ചിരുന്നത്. ഒന്നര കിലോമീറ്റർ നീളത്തിൽ മൂന്ന് ലൈനുകളാണ് കാണാതായത്. രണ്ട് വർഷം മുൻപ് പോസ്റ്റുകൾ സ്ഥാപിച്ച് പുതിയ ലൈൻ വലിച്ചതോടെ പഴയ പാടത്ത് കൂടിയുള്ള ലൈനുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ ചെമ്പുകമ്പികൾ അധികൃതർ അഴിച്ചെടുത്തിരുന്നില്ല.
തുടർന്ന് അടുത്തിടെ ഈ ലൈനുകൾ അഴിച്ചുമാറ്റാനായി ഉദ്യോഗസ്ഥരെത്തിയപ്പോൾ ലൈനുകൾ കാണാതാവുകയായിരുന്നു. ഏപ്രിലിൽ മാന്നാർ വൈദ്യുതി സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നും ചെമ്പുകമ്പികൾ മോഷണം പോയിരുന്നു.
Comments