മലപ്പുറം: ലോഡ്ജുകളിൽ താമസിച്ച് മോഷണവും ലഹരി മരുന്ന് വിൽപ്പനയും നടത്തിയ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് അത്തോളി സ്വദേശി മേനേത്ത് വീട്ടിൽ രാഹുൽരാജ്, അലനെല്ലൂർ അത്താണിപ്പടി പാറക്കൽ വീട്ടിൽ ഖാലിദ് എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലെ ഒരു ലോഡ്ജിൽ നടത്തിയ പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.
ലോഡ്ജുകളിൽ മാറി മാറി താമസിച്ച് പരിസര പ്രദേശങ്ങളിൽ മോഷണവും ലഹരി വിൽപ്പനയും നടത്തുന്നതായിരുന്നു പ്രതികളുടെ പതിവ്. കൂടാതെ നിരവധി ക്രിമിനൽ കേസുകളിലും ഇവർ പ്രതികളാണ്. പോലീസ് നടത്തിയ പരിശോധനക്കിടെ പ്രതികൾ കത്തി കൊണ്ട് സ്വയം മുറിവേൽപ്പിചച്ചും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചും രക്ഷപെടാൻ ശ്രമിച്ചു. പ്രതികളെ സാഹസികമായി കീഴടക്കിയാണ് അറസ്റ്റ് ചെയ്തത്.
രാഹുൽ രാജ് കോഴിക്കോട്, കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ നിരവധി മോഷണ കേസുകളിലും, സ്റ്റേഷനിൽ അതിക്രമം കാണിച്ച് പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിലും ലഹരി മരുന്ന് കേസുകളിലും ജയിൽ ശിക്ഷ അനുഭവിച്ച പ്രതിയാണ്. ഖാലിദ് നിരവധി ലഹരിമരുന്ന് കേസുകളിലും മോഷണ കേസുകളിലും പ്രതിയാണ്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം പോയ ബൈക്ക് ഇവരിൽ നിന്നും കണ്ടെടുത്തു.
Comments