മുംബൈ : മുതിർന്ന നടൻ ഗുഫി പെയിന്റൽ അന്തരിച്ചു. 78 വയസായിരുന്നു . നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുംബൈയിലെ അന്ധേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുഫിയുടെ അനന്തരവനും നടനുമായ ഹിറ്റെൻ പെയിന്റൽ ആണ് ഇൻസ്റ്റാഗ്രാമിൽ മരണവാർത്ത അറിയിച്ചത് .
ഒരാഴ്ച മുമ്പ് തന്നെ ഗുഫിയുടെ ആരോഗ്യനില വഷളായതായി റിപ്പോർട്ടുകൾ പറയുന്നു. അന്ന് അദ്ദേഹം ഫരീദാബാദിലായിരുന്നു. ഫരീദാബാദിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ഓഷിവാര ശ്മശാനത്തിൽ സംസ്കാരം നടത്തും.
ബിആർ ചോപ്രയുടെ ‘മഹാഭാരത’ത്തിൽ ശകുനിയായി അഭിനയിച്ചതാണ് ഗുഫിയുടെ ജീവിതത്തിൽ വഴിത്തിരിവായത് . അഭിനയ ലോകത്തേക്ക് ചുവടുവെക്കും മുമ്പ് ഗുഫി പെയിന്റൽ സൈനികനായിരുന്നു. സരബ്ജിത് സിംഗ് പെയിന്റൽ എന്നായിരുന്നു യഥാർത്ഥ പേര്. ഇന്ത്യ-ചൈന അതിർത്തിയിൽ അദ്ദേഹം രാംലീലയും അവതരിപ്പിച്ചിട്ടുണ്ട് . രാംലീലയിൽ ഗുഫി സീതയെയാണ് അവതരിപ്പിച്ചത് .
1962ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ താൻ സൈന്യത്തിലായിരുന്നുവെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. യുദ്ധകാലത്ത് കോളേജിൽ സൈന്യത്തിലേക്കുള്ള നേരിട്ടുള്ള റിക്രൂട്ട്മെന്റ് നടന്നിരുന്നു. ഇവിടെ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു. ഗുഫി സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നു. ചൈന അതിർത്തിയിലെ ആർമി ആർട്ടിലറിയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിംഗ്.അക്കാലത്ത് അതിർത്തിയിൽ വിനോദത്തിന് ടിവിയും റേഡിയോയും ഇല്ലായിരുന്നുവെന്ന് താരം പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ സൈനികർ അവരുടെ വിനോദത്തിനായി രാമലീല അവതരിപ്പിക്കാറുണ്ടായിരുന്നു.
ശകുനിയുടെ വേഷത്തിനായി മൂന്ന് പേരെയാണ് ആദ്യം തിരഞ്ഞെടുത്തത്. ഇതിനിടയിൽ, മഹാഭാരതത്തിന്റെ തിരക്കഥ എഴുതുന്ന റാഹി മസൂം റാസ ഗുഫിയെ കാണുകയും ശകുനിയുടെ വേഷം ചെയ്യാൻ ഉപദേശിക്കുകയും ചെയ്തു. മഹാഭാരതത്തിനു പുറമേ കാനൂൻ, ഓം നമ ശിവായ്, സിഐഡി, ജയ് കനയ്യ ലാൽ കി തുടങ്ങിയ നിരവധി ടിവി ഷോകളിലും ഗുഫി പെയിന്റൽ പ്രവർത്തിച്ചിട്ടുണ്ട്.
Comments