തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. ഈ വർഷം മേയ് മാസത്തിൽ 3.68 ലക്ഷം പേർ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്തെന്നാണ് കണക്ക്. 2022 മേയ് മാസത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 11879 ആയി വർദ്ധിച്ചതായും അധികൃതർ വ്യക്തമാക്കി. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
1.93 ലക്ഷം ആഭ്യന്തര സഞ്ചാരികളും 1.75 ലക്ഷം വിദേശ സഞ്ചാരികളും തിരുവനന്തപുരം വഴി യാത്ര ചെയ്തു. സർവീസുകളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തി. പ്രതിദിനം 80 സർവീസുകളാണ് തിരുവനന്തപുരത്ത് നിന്നും നടത്തുന്നത്. പ്രതിവാര സർവീസുകളുടെ എണ്ണം 117 ആയും ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം 151 ആയും വർദ്ധിച്ചിട്ടുണ്ട്.
സർവീസുകൾ വർദ്ധിച്ചതോടെ വിദേശരാജ്യങ്ങളിലേക്കുള്ള കണക്ടിവിറ്റി വർദ്ധിക്കുകയും യാത്ര നിരക്ക് കുറയുകയും ചെയ്തു. യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ചു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളും പുരോഗമിക്കുകയാണെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
Comments