കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ചാണ് പ്രതി പിടിയിലായത്. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതിയെന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ് .
താമരശേരി പുതുപ്പാടിയിലെ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടി കഴിഞ്ഞ ചൊവാഴ്ചയാണ് ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റൽ അധികൃതരെ പെൺകുട്ടി അറിയിച്ചിരുന്നത്.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞും പെൺകുട്ടി തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു. പെൺകുട്ടി വീട്ടിൽ എത്തിയില്ല എന്ന് വീട്ടുകാർ അറിയിച്ചു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പോലീസിന് പരാതി നൽകുകയായിരുന്നു.
താമരശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജൂൺ ഒന്നിന് പെൺകുട്ടിയെ കണ്ടെത്തുന്നത്. താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പെൺകുട്ടി പോലീസ് കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചെന്നും പോലീസ് വ്യക്തമാക്കി.
Comments