പാകിസ്താനിൽ വൈദ്യുതിക്ഷാമം രൂക്ഷമായതോടെ കടുത്ത നടപടികളിലേക്ക് നീങ്ങി ഭരണകൂടം. രാജ്യത്തെ എല്ലാ മാർക്കറ്റുകളും എട്ട് മണിയോടെ പൂട്ടണമെന്നും എല്ലാ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇതേസമയത്ത് തന്നെ അടയ്ക്കേണ്ടതാണെന്നും പാക് സർക്കാർ വ്യക്തമാക്കി. അതേസമയം വിവാഹ ചടങ്ങിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വെഡ്ഡിങ് ഹാളുകൾക്ക് രാത്രി പത്ത് മണി വരെ തുടരാനുള്ള അനുമതിയുണ്ട്. പത്ത് മണിയോടെ ഹാളുകൾ അടച്ചുപൂട്ടേണ്ടതാണെന്നും സർക്കാർ വ്യക്തമാക്കി.
പാകിസ്താനിൽ കറൻസിയുടെ മൂല്യം ഇടിയുകയും ഉയർന്ന പണപ്പെരുപ്പത്തിലേക്ക് നയിക്കുകയും ചെയ്തതോടെ വൈദ്യുതി ക്ഷാമത്തിന് കാരണമായിരുന്നു. തുടർന്ന് ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ വിവിധ മാർഗങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.
20 ശതമാനം സർക്കാർ ജീവനക്കാരെ വീട്ടിലിരുത്തി ജോലി ചെയ്യിപ്പിക്കാനും പുതിയ നയത്തിന്റെ ഭാഗമായി തീരുമാനമായി. റൊട്ടേഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം നൽകിയാൽ 52 ബില്യൺ രൂപ ലാഭിക്കാമെന്നാണ് പാക് ഭരണകൂടത്തിന്റെ വിലയിരുത്തൽ. കൂടുതൽ ഊർജ്ജ ക്ഷമതയുള്ള ബൾബുകളും ഫാനുകളും അവതരിപ്പിച്ച് 28 ബില്യൺ രൂപ ലാഭിക്കാനും സർക്കാർ പദ്ധതിയുണ്ട്. പെട്രോൾ ഉപഭോഗം കുറയ്ക്കുന്നതിനായി മോട്ടോർ സൈക്കിളുകൾക്ക് പകരം ഇലക്ട്രോണിക് ബൈക്കുകൾ അവതരിപ്പിക്കുമെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു.
Comments