ബൊഗോട്ട്: ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുഞ്ഞുങ്ങളെ കണ്ടെത്തി. നീണ്ട 40 ദിവസത്തെ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്താനായത്. ഒരു വയസുള്ള കുട്ടി അടക്കമാണ് കൊളംബിയൻ സൈന്യം ഉൾപ്പെടുന്ന പ്രത്യേക സംഘം നടത്തിയ രക്ഷാദൗത്യത്തിൽ കണ്ടെത്തിയത്. പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
‘രാജ്യത്തിനാകെ സന്തോഷം നൽകുന്ന കാര്യം, 40 ദിവസം മുൻപ് കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തിയിരിക്കുന്നു’-പെട്രോ ട്വിറ്ററിൽ അറിയിച്ചു. രക്ഷാപ്രവർത്തകർ കുട്ടികൾക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
https://twitter.com/petrogustavo/status/1667319759589847042?s=20
എൻജിൻ തകരാറിനെ തുടർന്ന് മെയ് ഒന്നിനാണ് ഇവർ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടത്. കുട്ടികൾ അടക്കം ഏഴ് പേരായിരുന്നു സെസ്ന 2006 എന്ന ചെറുവിമാനത്തിലെ യാത്രക്കാർ. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂർത്തിയായ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹം വിമാനവിഷിഷ്ടങ്ങൾക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന കുഞ്ഞുങ്ങളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 13,9, 4 വയസ് പ്രായമുള്ളതും 11 മാസം പ്രായം ഉള്ളതുമായ കുഞ്ഞുങ്ങളെയാണ് കാണാതായത്.
കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിർമ്മിച്ച താത്കാലിക ഷെഡും കുട്ടികളുടെ ഹെയർ ക്ലിപ്പുകളും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നൂറിലധികം സൈനികരെയും പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. കൊളംബിയയുടെ സേനാ ഹെലികോപ്റ്ററുകളും വ്യോമസേനയും തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് കുട്ടികളെ കണ്ടെത്തിയത്.
Comments