മുംബൈ: ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ പുതിയ വിമാനത്താവളം നിർമ്മിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നവി മുംബൈയിലെ, മുംബൈ മെട്രോപൊളിറ്റൻ മേഖലയുടെ കേന്ദ്രഭാഗത്തായിരിക്കും പുതിയ അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യമാകുക. അദാനി എയർപോർട്സിനാണ് നിർമ്മാണ ചുമതല.
നാല് ഘട്ടങ്ങളിലായി നിർമിക്കുന്ന വിമാനത്താവളം, ലോകത്തിലെ ഏറ്റവും ഊർജ്ജക്ഷമതയുള്ളതും പരിസ്ഥിതി സുസ്ഥിരവുമായ വിമാനത്താവളമാക്കി മാറ്റുകയാണ് ലക്ഷ്യം. വിമാനത്താവളത്തിലെ വാഹനങ്ങൾ വൈദ്യുത വാഹനങ്ങളായിരിക്കും. വിമാനത്താവളത്തിലുടനീളം ചാർജിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. സൗരോർജ്ജമാകും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുക. വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ രണ്ട് വിമാനത്താവളമുള്ള രാജ്യത്തെ ആദ്യ നഗരമായി മുംബൈ മാറും. 2024 ഡിസംബറോടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യത്തെ രണ്ട് ഘട്ടം പൂർത്തിയാകുമെന്നാണ് വിവരം. 1,160 ഹെക്ടർ സ്ഥലത്താകും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുന്നത്. ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലായിരിക്കും ടെർമിനലുകൾ നിർമ്മിക്കുക.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ വിമാനത്താവളത്തിനായുള്ള സ്ഥലം സന്ദർശിച്ച് വിലയിരുത്തി. തുടർന്ന് ഇരുവരും അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി സംവദിച്ചു. പുതിയ വിമാനത്താവളം മഹാരാഷ്ട്രയ്ക്ക് മാത്രമല്ല രാജ്യത്തിന് തന്നെ പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുംബൈ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ പുതിയ വിമാനത്താവളത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു വിമാനത്താവളങ്ങളും തമ്മിൽ 40 കിലോമീറ്ററിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
Comments