എറണാകുളം: നൈജീരിയയിൽ തടവിലായിരുന്ന മലയാളി നാവികർ തിരികെ കേരളത്തിലെത്തി. എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. നൈജീരിയയിലെ തടവിൽ നിന്ന് നാട്ടിലെത്തുന്നതിന് സഹായിച്ച കേന്ദ്ര സർക്കാരിനും പിന്തുണച്ച മറ്റുള്ളവർക്കും നാവികർ നന്ദി പറഞ്ഞു.
2022 ഓഗസ്റ്റിലാണ് ക്രൂഡ് ഓയിൽ ടാങ്കർ ഹീറോയിക് ഇഡുൻ കപ്പലിലെ 26 ജീവനക്കാർ തടവിലായത്. ഇക്വറ്റോറിയൽ ഗിനിയിലും തുടർന്ന് നൈജീരിയയിലുമാണ് നാവികർ തടവിലാക്കപ്പെട്ടത്. ഇതിൽ ഉൾപ്പെട്ട മൂന്ന് മലയാളികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. 10 മാസമാണ് നാവികർ തടവിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെത്തിയ സംഘം ദുബായ് വഴിയാണ് കൊച്ചിയിലെത്തിയത്. ഇവരുടെ മോചനത്തിനായി നടത്തിയ കേന്ദ്ര ഇടപെടലിനും സ്നേഹത്തിനും നാവികർ നന്ദിയറിയിച്ചു.
Comments