മുംബൈ: നാല് സംസ്ഥാനങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി ആദ്യം മഹാരാഷ്‌ട്രയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്‌ട്രയിലെ നന്ദേഡിലുള്ള തഖത് അബ്ചാൽനഗർ സാഹിബ് ഗുരുദ്വാരയിൽ എത്തി പ്രാർത്ഥിച്ചതിന് പിന്നാലെയാണ് സംസ്ഥാന സന്ദർശനം ആരംഭിച്ചത്. മഹാരാഷ്‌ട്ര കൂടാതെ ഗുജറാത്ത്, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അമിത് ഷാ സന്ദർശനം നടത്തുക.
ഇതിനിടെ വിവിധ രാഷ്‌ട്രീയ പരിപാടികളിലും പൊതുയോഗങ്ങളിലും ആഭ്യന്തരമന്ത്രി പങ്കെടുക്കും. ഒരു മാസത്തെ ബിജെപിയുടെ പ്രത്യേക പ്രചാരണറാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി എല്ലാ ലോക്‌സഭാ മണ്ഡലങ്ങളെയും ഉൾക്കൊള്ളിക്കുന്ന ഒരു മാസത്തെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് അമിത് ഷായുടെ സന്ദർശനം.
നാളെ ചെന്നൈയിലെത്തുന്ന ആഭ്യന്തരമന്ത്രി പാർട്ടി പ്രവർത്തകരുമായി ചർച്ചകൾ നടത്തും. സർക്കാരിന്റെ ഒമ്പത് വർഷത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി തമിഴ്‌നാട്ടിലെ വെല്ലൂരിൽ നടക്കുന്ന റാലിയിലും അദ്ദേഹം പ്രസംഗിക്കും. ഇതിന് പിന്നാലെ ആന്ധ്രാപ്രദേശിലെത്തുന്ന അദ്ദേഹം വിശാഖപട്ടണം റെയിൽവേ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ സംസാരിക്കും.
Comments