വാഷിംഗ്ടൺ: ലോകത്തിലെ നിർണായക ശക്തിയാണ് ഇന്ത്യയെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ. സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിൽ ആഗോളപങ്ക് വഹിക്കുകയും ഉദാത്ത മാതൃകയുമാണ് ഇന്ത്യയെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയെയും അദ്ദേഹം പരാമർശിച്ചു. നേതാക്കളുടെ ചർച്ച ഭാവിയിൽ ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ പ്രതിരോധ സഹകരണം, സൈബർ സുരക്ഷ, ബഹിരാകാശം, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖല, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച നടത്തുമെന്നും ജോൺ കിർബി അറിയിച്ചു. ഇന്ത്യയുമായുള്ള ഈ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സംഘടിപ്പിക്കുന്ന സ്വകാര്യ വിരുന്നിൽ പ്രധാനമന്ത്രി പങ്കെടുത്തു. തുടർന്ന് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ജൂൺ 23-ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സംയുക്തമായി പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കും. ശേഷം 20 മുൻനിര അമേരിക്കൻ കമ്പനികളുടെ ബിസിനസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
Comments