ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട് വിശാല മുന്നണി രൂപവത്കരിക്കാൻ ഒത്തുകൂടിയ പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോടികളുടെ അഴിമതി നടത്തിയവരെല്ലാം ഒത്തുകൂടിയുള്ള ഫോട്ടോ ഷൂട്ടാണ് പ്രതിപക്ഷ പാർട്ടി യോഗത്തിൽ കണ്ടെതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. പ്രതിപക്ഷ പാർട്ടികൾ ഞെളിപിരികൊള്ളുകയാണ്. അഴിമതികൾ ചെയ്ത് മാത്രം പരിചയമുള്ള പാർട്ടികളെ എങ്ങനെയാണ് ജനങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും 2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രതിപക്ഷ പാർട്ടികൾ ’ഉറപ്പ്’ എന്ന വാക്ക് ഉയർത്തി കാണിക്കുന്നു. ഈ പാർട്ടികളെല്ലാം കോടികളുടെ അഴിമതി നടത്തുമെന്ന് ഉറപ്പാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവർ എല്ലാം ഒത്തുചേർന്ന് ഒരു ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചു. ഫോട്ടോയിൽ കാണുന്നവരെല്ലാം 20 ലക്ഷം കോടി രൂപയുടെ അഴിമതിയുടെ ഗ്യാരന്റിയാണ്. ഈ പാർട്ടികൾക്കെല്ലാം കുംഭകോണങ്ങൾ നടത്തി മാത്രമേ പരിചയമുള്ളൂ. അവർക്ക് ഈ ഒരു ഉറപ്പ് മാത്രമേ നൽകാൻ കഴിയൂ, അഴിമതി. അവരുടെ ഈ ഉറപ്പ് രാജ്യം അംഗീകരിക്കുമോ. എല്ലാ അഴിമതിക്കാർക്കെതിരെയും നടപടി എടുത്തിരിക്കും. ഇത് മോദിയുടെ ഉറപ്പാണ്’.
‘ഇവർ അഴിമതി ഉറപ്പ് നൽകുമ്പോൾ, എല്ലാ അഴിമതിക്കാർക്കെതിരെയും അന്വേഷണം നടക്കുമെന്നതാണ് മോദിയുടെ ഉറപ്പ്. എല്ലാ കള്ളൻമാർക്കെതിരെയും അന്വേഷണം നടത്തും. രാജ്യത്തെ കൊള്ളയടിച്ചവർ കണക്ക് ബോധിപ്പിച്ച് അകത്ത് പോകേണ്ടി വരും. പ്രതിപക്ഷ പാർട്ടികൾ ഇത്രയധികം ഞെളിപിരികൊള്ളുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. പരസ്പരം അധിക്ഷേപിച്ചിരുന്നവർ, ഇപ്പോൾ പരസ്പരം കാലിൽ വീഴുകയാണ്. 2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ തന്നെ കൊണ്ടുവരാൻ ജനം തീരുമാനിച്ചതിലുള്ള പരിഭ്രാന്തിയിലാണ് അവർ. അവരുടെ നിസ്സഹായതയാണ് ഇവിടെ പ്രതിഫലിപ്പിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് അധികാരം പിടിക്കാനുമാണ് ഇവരുടെ ശ്രമം’- നരേന്ദ്രമോദി പറഞ്ഞു.
Comments