ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇപ്പോൾ ഒന്നാം നിലയുടെ നിർമാണം ആരംഭിച്ചിരിക്കുകയാണ്. അയോദ്ധ്യ രാമക്ഷത്രത്തിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ കാണിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റാണ് നിർമാണത്തിന്റെ ചിത്രം പുറത്തുവിട്ടത്. ഇതിൽ തൂൺ നിർമിക്കുന്നതായാണ് കാണിക്കുന്നത്. തൂണുകളും കമാനങ്ങളും സ്ഥാപിക്കുകയും ഇതിൽ സങ്കീർണ്ണമായ കൊത്തുപണികൾ നടക്കുകയുമാണ് ഇപ്പോൾ. മൂന്ന് നിലകളിലായാണ് രാമക്ഷേത്രം നിർമ്മിക്കുന്നത്.
ലോകത്തിലെ ഏറ്റവും മനോഹരമായ തീർത്ഥാടന കേന്ദ്രമാക്കി അയോദ്ധ്യയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ രാവും പകലും പുരോഗമിക്കുകയാണ് . അയോദ്ധ്യയെ ഏറ്റവും മനോഹരമായ നഗരമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഇത് നിറവേറ്റുന്നതിനായി മുഖ്യമന്ത്രി യോഗി നേരിട്ട് തന്നെ അയോദ്ധ്യയുടെ വികസന പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്.
2024-ൽ രാമഭക്തർക്ക് ദർശനം നടത്താനാകുമെന്നാണ് പ്രതീക്ഷ. രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ പരിപാടിക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. അയോദ്ധ്യയിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ആവശ്യത്തിന് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പാർക്കിംഗ്, ധർമശാലകൾ എന്നിവ തുറക്കാൻ ചീഫ് സെക്രട്ടറി ദുർഗാശങ്കർ മിശ്ര നിർദ്ദേശം നൽകിയിട്ടുണ്ട്. അയോദ്ധ്യയിലെ ആറ് പ്രവേശന കവാടങ്ങളിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം ഡിസംബറോടെ പൂർത്തിയാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
Comments