തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ ഷെറി ഐസക് ആണ് പിടിയിലായത്. ശസ്ത്രക്രിയയ്ക്കായി 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പാലക്കാട് സ്വദേശിയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് ഷെറി ഐസകിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷം രൂപയും വിജിലൻസ് കണ്ടെത്തി.
ആദ്യ ഘട്ടത്തിൽ കൈക്കൂലി നൽകാൻ പരാതിക്കാരൻ തയ്യാറായില്ല. ഇതോടെ പല തവണ ശസ്ത്രക്രിയ ഡോക്ടർ മാറ്റിവെച്ചു. ഒടുവിൽ പണം സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന വടക്കാഞ്ചേരി ക്ലിനിക്കിൽ എത്തിക്കാൻ പ്രതി ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരൻ തൃശൂർ വിജിലൻസ് ഡിവൈഎസ്പിയെ വിവരം അറിയിക്കുകയായിരുന്നു.
വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് ഓട്ടുപാറയിലെ ക്ലിനിക്കിലെത്തി പരാതിക്കാരൻ ഡോക്ടർക്ക് കൈമാറി. ഇതിനിടെ സമീപത്ത് മറഞ്ഞിരുന്ന വിജിലൻസ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. വിജിലൻസ് ഡിവൈഎസ്പി ജിം പോൾ സി.ജിയുടെ നേതൃത്വത്തിലായിരുന്നു ഡോക്ടറെ പിടികൂടിയത്.
Comments