ലക്നൗ: അയോദ്ധ്യയിൽ അടുത്തവർഷം രാമക്ഷേത്രം പൂർത്തിയാകുന്നതിന് മുന്നോടിയായി 17 കിലോമീറ്റർ ചുറ്റളവിൽ രാമസ്തംഭങ്ങൾ സ്ഥാപിക്കും. നയാഘട്ടിലെ സഹദത്ഗഞ്ചിനും ലതാമങ്കേഷഷ്കർ ചൗക്കിനുമിടയിൽ 17 കിലോമീറ്റർ നീളമുള്ള ധമന റോഡിന് കുറുകെയാകും രാമസ്തംഭങ്ങൾ സ്ഥാപിക്കുക. 25 രാമസ്തംഭങ്ങളായിരിക്കും ഇത്തരത്തിൽ സ്ഥാപിക്കുകയെന്ന് അയോദ്ധ്യ വികസന അതോറിറ്റി അറിയിച്ചു.
‘രാജ്യത്ത് ഉടനീളം പ്രശസ്തിയാർജ്ജിച്ച ക്ഷേത്രങ്ങളിലെ ചുവരുകളിൽ കാണപ്പെടുന്ന സങ്കീർണമായ കൊത്തുപണികൾക്ക് സമാനമായിരിക്കും രാമസ്തംഭത്തിലെയും രൂപങ്ങൾ. നഗരത്തിന്റെ സാംസ്കാരികവും ആത്മീയവും ചരിത്രപരവുമായ പൈതൃകങ്ങളാൽ സമ്പന്നമായ സാരാംശം ഉൾക്കൊള്ളുന്ന തരത്തിലായിരിക്കും ഈ ശിൽപങ്ങൾ രൂപകൽപ്പന ചെയ്യുക. ‘ -വൈസ് ചെയർമാൻ വിശാൽ സിംഗ് പറഞ്ഞു.
ലക്നൗ-അയോദ്ധ്യ ദേശീയപാതയെ രാമക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളായ റാംപഥും, ധരം പാതയുമാണ് രാമസ്തംഭങ്ങൾ പണിയുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 13 കിലോമീറ്റർ റാംപഥും 4 കിലോമീറ്റർ ധരംപാതയുമാണ് അതോറിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ 20 അടി ഉയരത്തിലും അഞ്ചടി ചുറ്റളവിലുമായിരിക്കും തൂണുകൾ നിർമ്മിക്കുക. ഇതിനായി 2.10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. രാമസ്തംഭത്തിന് അനുയോജ്യമായ ഘടകങ്ങൾ ഉൾക്കൊള്ളിക്കുന്നതിന് അന്തിമ രൂപം നൽകിയെന്നും ഇതിൽ വൈദഗ്ധ്യമുള്ള ഒരു ഏജൻസിയെ ഏർപ്പെടുത്തിയതായും വൈസ് ചെയർമാൻ വ്യക്തമാക്കി.
Comments