തിരുവനന്തപുരം: തലസ്ഥാനത്തെ നിർധനരായ കിടപ്പുരോഗികൾക്ക് ആശ്വാസ പദ്ധതിയുമായി മമ്മൂട്ടി. മമ്മൂട്ടിയുടെ ശ്വാസം പദ്ധതിക്കാണ് തിരുവനന്തപുരത്ത് തുടക്കമാകുന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽസും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായാണ് പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ശ്വാസം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെട്ടിയാട് എം ജി എം സ്കൂളിൽ വെച്ച് 26-ന് നടക്കും. പദ്ധതി മന്ത്രി ജിആർ ആനിൽ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ മാസമായിരുന്നു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവ്വഹിച്ചത്. 26-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം ജില്ലയിലെ മുണ്ടയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് സോസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിനും ഓക്സിജൻ സിലിണ്ടറുകൾ നൽകും.
പദ്ധതി തിരുവനന്തപുരത്ത് എത്തുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിർധന കിടപ്പുരോഗികൾക്ക് ആശ്വാസമാകും. കൂടാതെ പദ്ധതിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കിടപ്പ് രോഗികൾക്കും അവരെ ശുശ്രൂഷിക്കുന്ന വൃദ്ധ മന്ദിരങ്ങൾക്കും പാലിയേറ്റിവ് സോസൈറ്റിക്കൾക്കുമായി മുപ്പത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഇവയിൽ കൂടുതൽ അർഹരായ പതിമൂന്ന് പ്രസ്ഥാനങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് പദ്ധതിയുടെ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ എസ് എഫ് സി അറിയിച്ചു.
Comments