കൊല്ലം: സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം വൈദ്യുതി ബില്ല് അടക്കാൻ കഴിയാതിരുന്ന കുടുംബത്തിന് ബില്ല് അടച്ച് നൽകി കെഎസ്ഇബി ജീവനക്കാരൻ. കൊല്ലം ജില്ലയിലെ ചവറയിലാണ് സംഭവം. ചവറ സ്വദേശി റലീസാണ് കുടുംബത്തിന് കൈത്താങ്ങായത്. ബില്ല് തീയതി കഴിഞ്ഞിട്ടും അടയ്‌ക്കാതെ വന്നപ്പോൾ ഫ്യൂസ് ഊരാനായി എത്തിയതായിരുന്നു റലീസ്. അപ്പോഴാണ് കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയത്.
മാതാപിതാക്കളെ നഷ്ടമായ പ്ലസ് വൺ വിദ്യാർഥിനിയും ഏഴാം ക്ലാസുകാരനായ സഹോദരനും ഇവരുടെ ചെറിയച്ഛനുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അടുത്തിടെ അപകടം പറ്റിയ ചെറിയച്ഛൻ കിടപ്പിലായിരുന്നു. ഇതോടെ കുടുംബത്തിന്റെ വരുമാനം നിലച്ച അവസ്ഥയിലായിരുന്നു. ഇതോടെയാണ് കുടുംബത്തിന് വൈദ്യുത ബില്ല് അടയ്‌ക്കാൻ കഴിയാതെ വന്നത്.
ഇവരുടെ നിസഹായവസ്ഥ മനസിലാക്കിയ റലീസ് ഒരു വർഷത്തെ കുടിശിക തുകയായ 5000 രൂപ സ്വന്തമായി അടച്ച് നൽകുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിൽ വിഷമിച്ചിരുന്ന ഒരു കുടുംബത്തിന് താൽകാലികമായെങ്കിലും ആശ്വാസത്തിന്റെ വെളിച്ചമാവുകയാണ് റലീസ്.
Comments