കൊച്ചി: കേരള ഹൈക്കോടതി നടത്തിയ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്നും അടുത്തിടെയുണ്ടായ വിധിന്യായം നിർഭാഗ്യകരവും നിരാശജനകവുമാണെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബെഞ്ചിൽ നിന്ന് ഉണ്ടായ വിധിന്യായം രാജ്യത്തെ നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപെടുത്തുമെന്നും ഈ വിധിന്യായം സ്വമേധയാ പുന:പരിശോധന നടത്തണമെന്നും സുപ്രീം കോടതിയോട് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു.
ജില്ലാ ജഡ്ജി നിയമനത്തിൽ കേരള ഹൈക്കോടതിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും തെറ്റാണെന്നും കണ്ട സുപ്രീം കോടതി ആ തെറ്റിനെ ന്യായീകരിക്കുന്ന വിധത്തിലും തെറ്റ് ചെയ്തവരെ വെള്ളപൂശുന്ന തരത്തിലുമാണ് വിധി പുറപ്പെടുവിച്ചത്. എന്നാലിത് നിയമ വ്യവസ്ഥയ്ക്ക് യോജിക്കുന്നതല്ലെന്നും ഉള്ളടക്ക നിരീക്ഷണങ്ങൾക്ക് കടകവിരുദ്ധവുമായതിനാൽ എന്തുകൊണ്ടും സ്വമേധയായുള്ള പുന:പരിശോധന സുപ്രീംകോടതിയുടെ അന്തസ്സ് ഉയർത്തുകയും ഇരകൾക്ക് യഥാർത്ഥ നീതിലഭ്യമാക്കുന്നതിന് ഉപകരിക്കുമെന്നും യോഗം വിലയിരുത്തി.
അനർഹരായി കടന്ന് കൂടിയവരെ തുടരാൻ അനുവദിക്കുകയും അർഹരായിട്ടും നിയമനം ലഭിക്കാതെ പോയവരോട് നിങ്ങളുടെ വിധിയായി കണക്കാക്കി പുറത്ത് നിൽക്കാൻ വിധിച്ചതും തെറ്റ് ചെയ്തവർക്കുള്ള പ്രോത്സാഹന സന്ദേശമായേ കണക്കാക്കപ്പെടുകയുള്ളൂ. ചട്ട വിരുദ്ധമായി പണിത മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാൻ കാണിച്ച നിശ്ചയദാർഢ്യത്തിന്റെ കണിക പോലും ഈ വിധിയിൽ നിഴലിക്കാത്തതിനാൽ നീതിന്യായ സമൂഹവും നീതിപീഠങ്ങളിൽ വിശ്വാസമർപ്പിച്ചിട്ടുള്ള ജനങ്ങളും പകച്ചുനിൽക്കുകയാണ്. അനർഹമായി ജില്ലാ ജഡ്ജി സ്ഥാനത്തെത്തിയവർക്കും ഈ വിധി ന്യായം ഉപകരിക്കില്ല. തുടർന്നുള്ള ദിവസങ്ങളിൽ അവർ ഓരോ കേസ് കേൾക്കുമ്പോഴും, തീരുമാനമെടുക്കുമ്പോഴും അതെല്ലാം സംശയത്തിന്റെ നിഴലിലാവും. അനർഹരായവരുടെ മുമ്പിൽ ഹാജരായി കക്ഷിക്ക് നീതി ലഭിക്കാൻ വാദിക്കേണ്ടി വരുന്ന അഭിഭാഷകനും സമ്മർദ്ദത്തിലാകും. തന്റെ കേസ് കേൾക്കുന്ന ജഡ്ജി അനർഹനാണെന്നുള്ള അറിവ് കക്ഷികളിൽ ഉണ്ടാക്കിയേക്കാവുന്ന ഉത്കണ്ഠയേക്കാൾ വലുതാണ് തെറ്റ് ചെയ്തവരുടെ സംരക്ഷണം എന്നത് അനുചിതമായി. മുൻപൊരിക്കൽ മോഡറേഷൻ മാർക്ക് നൽകി ജില്ലാ ജഡ്ജിമാരെ നിയമിച്ച നടപടി റദ്ദ് ചെയ്ത് നിയമനം ലഭിച്ചവരെ പിരിച്ചുവിട്ടെങ്കിലും അതിന് കാരണക്കാരായവരെ ശിക്ഷിക്കാതിരുന്നത് മൂലമാണ് ചരിത്രം ആവർത്തിച്ചത്.
കൊളീജയം സംവിധാനത്തെക്കുറിച്ച് വ്യാപകമായ ആക്ഷേപവും ആരോപണങ്ങളും ഉയരുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിലുണ്ടായ വിധി ഉന്നത നീതിപീഠത്തിലെയടക്കം ന്യായാധിപ നിയമനത്തിലെ അപാകത വെളിവാക്കുന്നതാണ്. ഭാവിയിൽ ഇത്തരം വിധി ന്യായങ്ങളിലൂടെ ജുഡീഷ്യറിയുടെ മാനവും വിശ്വാസവും നഷ്ടപെടുത്തരുതെന്നും അഭിഭാഷക പരിഷത്ത് ആവശ്യപ്പെടുന്നു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. S.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.ആർ.രാജേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. ബി. അശോക്, ദേശീയ സമിതി അംഗങ്ങളായ അഡ്വ. CK. ശ്രീനിവാസൻ, അഡ്വ. M A വിനോദ് എന്നിവർ സംസാരിച്ചു.
Comments