ബെംഗളൂരു: ഒന്നരവയസുകാരിയെ കനാലിലേയ്ക്ക് വലിച്ചെറിഞ്ഞ പിതാവ് പിടിയിൽ. പെഹോവ നിവാസിയായ ബൽക്കർ സിംഗ് ആണ് പിടിയിലായത്. ഈ മാസം പന്ത്രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവ സമയത്ത് ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹോദരൻ കുൽദീപ് സിംഗും പിടിയിലായി. പ്രതിയും സഹോദരനും ചേർന്ന് ബൈക്കിൽ എത്തി കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൻവാർ തീർത്ഥാടക സംഘത്തിലുണ്ടായവരായിരുന്നു കുഞ്ഞിനെ രക്ഷിച്ചത്.
നർവാന ബ്രാഞ്ച് കനാലിന്റെ സരസ്വതി ഫീഡർ ഭാഗത്തായിരുന്നു കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ഇതേ സമയം കനാലിന്റെ സമീപത്തുണ്ടായിരുന്ന തീർത്ഥാടകർ സംഭവം കണ്ടെന്ന് മനസ്സിലാക്കിയാണ് പിതാവും സഹോദരനും രക്ഷപ്പെട്ടത്. തുടർന്ന് തീർത്ഥാടകർ കനാലിൽ ചാടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ സമീപത്തുള്ള ഒരു ശിശു സംരക്ഷണ കേന്ദ്രത്തിന് കൈമാറി. നിലവിൽ കുഞ്ഞ് ചികിത്സയിലാണ്.
ബൽക്കർ സിംഗിന് തന്റെ രണ്ടാം ഭാര്യയിൽ രണ്ട് പെൺമക്കളാണ്. എന്നാൽ ഇയാൾ രണ്ട് കുട്ടികളെയും ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ കൈകുഞ്ഞിനെ കനാലിൽ വലിച്ചെറിഞ്ഞത്. തുടർന്ന് ഇയാൾ തന്റെ ഭാര്യയോട് നടന്ന സംഭവങ്ങൾ പറയുകയായിരുന്നു. മറ്റുള്ളവർ ചോദിച്ചാൽ കുഞ്ഞിനെ ദത്ത് കൊടുത്തു എന്ന് പറയാൻ ഭാര്യയെ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് ഭാര്യ കുടുംബത്തെ സത്യങ്ങളെല്ലാം അറിയിക്കുകയായരുന്നു. തുടർന്നാണ് പ്രതിയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തത്.
Comments