ന്യൂഡൽഹി: രാജ്യത്ത് നിന്ന് അനധികൃതമായി കടത്തുകയും വിവിധ ഏജൻസികൾ പിടികൂടി കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്ത 105 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് തിരികെ നൽകി യുഎസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിലുണ്ടാക്കിയ ധാരണ പ്രകാരമാണ് നിർണായക നടപടി. പുരാവസ്തുക്കൾ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസലേറ്റിന് കൈമാറി. ഇവ ഉടൻ തന്നെ ഇന്ത്യയിലേക്ക് എത്തിക്കും.
കൈമാറിയ പുരാവസ്തുക്കളിൽ 47 എണ്ണം കിഴക്കേ ഇന്ത്യയിൽ നിന്നും 27 എണ്ണം ദക്ഷിണേന്ത്യയിൽ നിന്നും ഉള്ളവയാണ്. ഓട്, കല്ല്, ലോഹം, തടി എന്നിവയിൽ നിർമ്മിച്ച രണ്ടും മൂന്നും നൂറ്റാണ്ടുകൾ വരെ പഴക്കമുള്ള പുരാവസ്തുക്കളും ഇക്കൂട്ടത്തിൽപ്പെടുന്നു. ഇവയിൽ 50 എണ്ണം മതപരമായ പ്രാധാന്യം ഉള്ളവയാണ്. ഇത്തരത്തിൽ 307 പുരാവസ്തുക്കൾ കഴിഞ്ഞ വർഷം ഒക്ടോബറിലും യുഎസ് ഇന്ത്യയ്‌ക്ക് കൈമാറിയിരുന്നു.
സുഭാഷ് കപൂർ നേതൃത്വം നൽകുന്ന അന്താരാഷ്‌ട്ര കള്ളക്കടത്ത് സംഘം കടത്തിയ പുരാവസ്തുക്കളാണ് ഇവയിൽ ഏറെയും. ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കേസിൽ ഇയാൾ നിലവിൽ തമിഴ്‌നാട് ജയിലിലാണ്. കള്ളക്കടത്ത് കേസിലെ വിചാരണയ്‌ക്ക് വേണ്ടി ഇയാളെ യുഎസും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments