ന്യുഡൽഹി: രണ്ടാം യോഗം അവസാനിച്ചപ്പോഴേക്കും പ്രതിപക്ഷ ഐക്യത്തിൽ അഭിപ്രായ ഭിന്നതയെന്ന് റിപ്പോർട്ട്. ഇന്നലെ നടന്ന യോഗത്തിൽ പ്രതിപക്ഷ പാർട്ടി ഐക്യത്തിന് പുതിയ പേര് സ്വീകരിച്ചിരുന്നു. അതിന്മേലാണ് തർക്കമുണ്ടായത്. ‘ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസിവ് അലയൻസ്’ എന്നതിന്റെ ചുരുക്കപ്പേരായി ‘ഐഎൻഡിഐഎ’ എന്ന് സ്വീകരിച്ചതിലാണ് അഭിപ്രായ ഭിന്നതയെന്നും റിപ്പോർട്ടുകൾ പുറത്ത്. പേര് സ്വീകരിച്ചതിൽ അനൈക്യം വന്നതിനാൽ ബെംഗളൂരു യോഗത്തിന് ശേഷം നടന്ന യോഗത്തിൽ നിന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിട്ടുനിന്നു. എന്നാൽ പോകാൻ ധൃതിയുള്ളതിനാലാണ് അദ്ദേഹം യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ വിശദീകരണം.
പട്നയിൽ നടന്ന ആദ്യ പ്രതിപക്ഷ യോഗത്തിന് ആതിഥേയത്വം വഹിച്ചത് നിതീഷ് കുമാറായിരുന്നു. പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിടാൻ പറഞ്ഞ കാരണങ്ങളിൽ നിതീഷിന് കോൺഗ്രസുമായും ടിഎംസിയുമായും സമവായത്തിലെത്താൻ സാധിച്ചില്ല. ബെംഗളൂരുവിൽ നടന്ന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന് നിതീഷ് മനപ്പൂർവ്വം ഒഴിവായെന്നും റിപ്പോർട്ടുകളുണ്ട്.
26 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുകയും, മുന്നണിക്ക് ‘ഐഎൻഡിഐഎ’ അല്ലെങ്കിൽ ‘ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്’ എന്ന് പേരിടാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിന്റെ ചുരുക്കപ്പേരായ ‘ഐഎൻഡിഐഎ’ എന്ന് സ്വീകരിച്ചതായി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസ്താവന നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐക്യത്തിൽ വിള്ളലുകൾ വന്നതെന്നാണ് റിപ്പോർട്ടുകൾ.
പ്രതിപക്ഷ ഐക്യത്തിന് പേര് നിർദ്ദേശിച്ചത് കോൺഗ്രസ് നേതാവ് രാഹുലാണെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. എന്നാൽ രാഹുലല്ല മമതയാണ് പേര് കൊണ്ടുവന്നതെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു. പിന്നീട് രാഹുൽ ഇതിന്റെ മുഴുവൻ പേര് നിർദ്ദേശിക്കുകയായിരുന്നു എന്നും മമത അത് ചുരുക്കി എന്നും രാഹുൽ അത് അംഗീകരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. ചുരുക്കപ്പേരിൽ പോലും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ‘ഐഎൻഡിഐഎ’ എന്നതിലെ ‘ഡി’ ‘ഡെമോക്രാറ്റിക്ക്’ ആണെന്നും അല്ല അത് ‘ഡെവല്പ്‌മെന്റൽ’ ആണെന്നും വരെ ഭിന്നതയുണ്ടായി. ‘ഡെമോക്രാറ്റിക്ക്’ എന്നായിരുന്നു ശരദ് പവാർ ട്വീറ്റ് ചെയ്തത്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണം.
അതേസമയം, പ്രതിപക്ഷത്തിന്റെ വാദങ്ങളുടെയെല്ലാം മുനയൊടിക്കുന്നതായിരുന്നു ഇന്നലെ നടന്ന എൻഡിഎ യോഗം. 42 പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു. എൻഡിഎ എന്നത് പുതിയ ഇന്ത്യ, വികസനം, അഭിലാഷങ്ങൾ എന്നിവയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഐക്യ നിര ശക്തമാകുന്നു എന്ന് പറയുമ്പോഴാണ് പുന്നെല്ലിൽ തന്നെ കല്ലുകടിച്ചത്. പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നടത്തിയ ആക്രമണങ്ങളിൽ അസ്വാരസ്യം തുടരുമ്പോഴും അധികാരത്തിന് വേണ്ടി മമതയ്‌ക്കൊപ്പം കൂട്ടുകൂടിയതിൽ സംസ്ഥാനത്തെ കോൺഗ്രസ് സിപിഎം പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിക്കുകയാണ്. ഇതിനിടയിലുള്ള നിതീഷിന്റെ പിണക്കം പ്രതിപക്ഷത്തിന്റെ ശക്തി ക്ഷയിപ്പിച്ചേക്കും.
Comments