വയനാട്: വയനാട് ചുരം വ്യൂപോയിന്റിൽ തിരക്കേറുന്നു. ചാറ്റൽമഴയ്‌ക്കൊപ്പം കോടമഞ്ഞും എത്തിയതോടെ ഫോട്ടോ എടുക്കാനും വ്യൂപോയിന്റിലെ മനോഹര കാഴ്ചകൾ കാണാനുമായാണ് ജനത്തിരക്കേറുന്നത്. പുലർച്ചെ മുതൽ ചുരത്തിന്റെ പ്രധാനപ്പെട്ട ഇടത്ത് തിരക്ക് ഏറി വരികയാണ്. ഇക്കൂട്ടത്തിൽ കാഴ്ചകൾ കാണാൻ എത്തുന്നവരും യാത്രക്കാരും ഉണ്ട്. ചുരം പ്രദേശത്ത് എപ്പോൾ വേണമെങ്കിലും കോടമഞ്ഞും മഴയും എത്താവുന്ന സാഹചര്യമാണ് ഉള്ളത്. ഇത് ഡ്രൈവർമാർക്ക് പേടി കൂട്ടുകയാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരും തെക്കൻ ജില്ലക്കാരും വലിയ തോതിൽ ഇപ്പോൾ വയനാട്ടിലേയ്‌ക്ക് എത്തുന്നുണ്ട്. പ്രധാനമായും ഈ വഴി കടന്നു പോകുന്ന യാത്രക്കാർക്കും ബസുകൾക്കും നിലവിൽ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. നാടുകാണി ചുരത്തിന്റെ ഭാഗത്തും കാഴ്ചക്കാരുടെ തിരക്ക് കൂടുകയാണ്.
വ്യൂപോയിന്റിൽ കൂടുതൽ സൗകര്യമുള്ളതിനാൽ സഞ്ചാരികൾ കൂടുതലും തെരഞ്ഞെടുക്കുന്നത് താമരശ്ശേരി ചുരമാണ്. വെള്ളി മുതൽ ഞായർ വരെ വലിയ തിരക്ക് തന്നെയാണ് അനുഭവപ്പെടുന്നത്. വ്യൂപോയിന്റിൽ കാറുകൾക്ക് പാർക്കിംഗ് കുറവായതിനാൽ തന്നെ പലഭാഗങ്ങളിലായി വാഹനം നിർത്തി കാൽനടയായാണ് പലരും വ്യൂപോയിന്റിൽ എത്തുന്നത്. കുട്ടികളും സ്ത്രീകളും അടങ്ങിയ കുടുംബങ്ങൾ ഏറെ നേരം ചുരംകാഴ്‌ച്ചകളിൽ മുഴുകി നിൽക്കുന്നുണ്ട്. അവധി ദിവസങ്ങളിൽ പതിവിലും തിരക്ക് കൂടുതലാണ്.
Comments