ബെംഗളൂരു : ചന്ദ്രയാൻ-3 ദൗത്യത്തെ പരിഹസിച്ച അദ്ധ്യാപകനോട് കർണാടക പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. മല്ലേശ്വരത്തെ പിയു കോളേജിലെ കന്നഡ അദ്ധ്യാപകനായ ഹുലികുന്റെ മൂർത്തിയാണ് ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് കന്നഡയിൽ ട്വീറ്റ് ചെയ്തത് . ചാന്ദ്ര ദൗത്യം ഇത്തവണ പരാജയപ്പെടുമെന്നായിരുന്നു ട്വീറ്റ് .
“ചന്ദ്രയാൻ -3-മായി ബന്ധപ്പെട്ട മൂർത്തിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് തിങ്കളാഴ്ചയാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു സന്ദേശം പോസ്റ്റ് ചെയ്തത് എന്നതിനെക്കുറിച്ച് ഞങ്ങൾ വിശദീകരണം തേടിയിട്ടുണ്ട്. ബുധനാഴ്ച മറുപടി സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട് . ഞങ്ങൾ ഉചിതമായ നടപടി സ്വീകരിക്കും.“ പിയു (ബെംഗളൂരു നോർത്ത്) ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
മുൻ വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ എസ് സുരേഷ് കുമാറും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്ക് ഇതുമായി ബന്ധപ്പെട്ട് കത്തെഴുതിയിട്ടുണ്ട്. ‘ ചന്ദ്രയാൻ -3 ന്റെ വിജയകരമായ വിക്ഷേപണം രാജ്യം മുഴുവൻ ആഘോഷിക്കുമ്പോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അതേ ദിവസം തന്നെ ഈ പ്രസ്താവന പോസ്റ്റ് ചെയ്തു. അങ്ങനെയുള്ള ഒരാൾക്ക് നമ്മുടെ വിദ്യാർത്ഥികളെ എങ്ങനെ പ്രചോദിപ്പിക്കാൻ കഴിയും? – കത്തിൽ പറയുന്നു.
Comments