എറണാകുളം: ആരോരുമില്ലാത്ത വൃദ്ധയോട് യാതൊരു കരുണയുമില്ലാതെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി. 287 രൂപയുടെ വൈദ്യുതി ബിൽ അടയ്‌ക്കാൻ വൈകിയതിന്റെ പേരിലായിരുന്നു കണക്ഷൻ വിച്ഛേദിച്ചത്. ആലുവ മാധവപുരം ഹരിജൻ കോളനിയിൽ കാളിക്കുട്ടി എന്ന വയോധികയ്‌ക്കാണ് ഇതേ തുടർന്ന് ഒരാഴ്ചയിൽ അധികം ഇരുട്ടിൽ കഴിയേണ്ടി വന്നത്. ഭർത്താവിന്റെ വിയോഗശേഷം കാളിക്കുട്ടിയുടെ ജീവിതം തനിച്ചായിരുന്നു. കാളിക്കുട്ടി വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചത് എന്നാണ് പറയുന്നത്.
ഇന്നലെ ബിജെപി പട്ടികജാതി മോർച്ച നേതാക്കൾ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി കോളനി സന്ദർശിക്കുന്നതിന് എത്തിയപ്പോൾ കാളിക്കുട്ടി ഈ വിവരം ധരിപ്പിച്ചു. തുടർന്ന് ബിജെപി പ്രവർത്തകർ കെഎസ്ഇബി ഓഫീസിലെത്തി പണം അടച്ച് വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു. ഒറ്റമുറി വീട്ടിൽ പരസഹായത്തോടെ കഴിഞ്ഞിരുന്ന വയോധികയോട് ക്രൂരത കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കര, ബിജെപി ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന, നേതാക്കളായ വിനുകുമാർ മുട്ടം, അനൂപ് ചുണങ്ങംവേലി എന്നിവർ ആവശ്യം ഉന്നയിച്ചു.
Comments