പോലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനയും എല്ലാം ആവശ്യ സന്ദർഭങ്ങളിൽ ഓടിയെത്തുന്നുവരാണ്. എന്നാൽ ഇപ്പോഴിതാ വിചിത്ര ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വരെ ആളുകൾ എമർജൻസി നമ്പറിൽ അടക്കം വിളിക്കുന്ന അനേകം സംഭവങ്ങളുണ്ടെന്ന് അധികൃതർ പറയുന്നു. ഇത് പല സന്ദർഭങ്ങളിലും പോലീസ് ഉദ്യോഗസ്ഥർക്കും ആവശ്യസേവനങ്ങൾക്കായി വിളിക്കുന്നവർക്കും ജോലി ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് എന്നതാണ് വാസ്തവം. അടുത്തിടെ മംഗളൂരുവിൽ ഇത്തരത്തിൽ വിചിത്രമായ ആവശ്യം ഉന്നയിച്ച് പോലീസിനെ വിളിച്ചതാണ് ശ്രദ്ധേയമാകുന്നത്.
സിറ്റി ഹാളിൽ നിന്ന് കാണാതായ തന്റെ ചെരുപ്പ് കണ്ടെത്തി തരണം എന്നാവശ്യപ്പെട്ടായിരുന്നു പോലീസിന് കോൾ ലഭിച്ചത്. മംഗളൂരു നോർത്ത് പോലീസിനാണ് കോൾ വന്നത്. ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു പരാതിക്കാരൻ ഹോളിൽ എത്തിയത്. അകത്തേക്ക് കയറുമ്പോൾ ഷൂ പുറത്ത് വെച്ചായിരുന്നു കയറിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഇവിടെ നിന്ന് പുറത്തേക്ക് ഇറങ്ങവേയാണ് വെച്ച സ്ഥലത്ത് ഷൂ കാണാനില്ല എന്ന് ഇയാൾക്ക് മനസിലാകുന്നത്.
നിരാശനായ ഇയാൾ ഒട്ടും മടിക്കാതെ തന്നെ ഉടൻ 112-ലേക്ക് വിളിച്ചു. പിന്നാലെ തന്റെ ചെരുപ്പ് മോഷണം പോയെന്ന് പരാതിപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കൂടുതൽ അന്വേഷണത്തിന് വേണ്ടി മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. ഉടൻ തന്നെ പോലീസ് ഷൂവിനായുള്ള അന്വേഷണം ആരംഭിച്ചു. ഇതിന് വേണ്ടി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി ഒരു സംഘം സംഭവ സ്ഥലത്തും എത്തി.
സമീപത്ത് ജോലി ചെയ്യുന്ന ഒരു തൊഴിലാളിയായിരുന്നു ഷൂ മോഷ്ടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തി. മോഷ്ടാവിനായുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം ഷൂവിന്റെ ബിൽ കാണിക്കാത്തതിനാൽ തന്നെ എത്ര രൂപയാണ് പരാതിക്കാരന് നഷ്ടമെന്ന് അറിയില്ലെന്ന് പോലീസും പറയുന്നു.
Comments