ശ്രീനഗർ: കശ്മീരിലെ അഞ്ച് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ജമ്മു കശ്മീരിലെ തീവ്രവാദ, അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന.
ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന പാകിസ്താൻ പിന്തുണയുള്ള നിരോധിത ഭീകര സംഘടനകളുടെ പുതുതായി കണ്ടെത്തിയ ശാഖകൾക്കെതിരെ ഇപ്പോഴും റെയ്ഡുകൾ തുടരുകയാണെന്ന് എൻഐ എ വൃത്തങ്ങൾ അറിയിച്ചു. 15 ദിവസത്തിനുള്ളിൽ കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ റെയ്ഡാണിത്. ജൂലൈ 11-ന് ദക്ഷിണ കശ്മീരിലെ അഞ്ച് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.
കശ്മീർ താഴ്വരയിലെ അനന്ത്നാഗ്, ഷോപ്പിയാൻ, പുൽവാമ എന്നീ മൂന്ന് ജില്ലകളിൽ എൻഐഎ നേരത്തെ തിരച്ചിൽ നടത്തിയിരുന്നു. വൻതോതിലുള്ള കുറ്റകരമായ ഡാറ്റ അടങ്ങിയ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ ഈ പരിശോധനയിൽ പിടിച്ചെടുത്തു.
ജമ്മു കശ്മീർ ഭീകരാക്രമണ ഗൂഢാലോചന കേസ് എൻഐഎ സ്വമേധയാ രജിസ്റ്റർ ചെയ്തത് കഴിഞ്ഞ വർഷം ജൂൺ 21-നാണ്. നിരോധിത ഭീകര സംഘടനകൾ ജമ്മു കശ്മീരിൽ സ്റ്റിക്കി ബോംബുകളും ഐഇഡികളും ചെറു ആയുധങ്ങളും ഉപയോഗിച്ച് അക്രമാസക്തമായ ഭീകരാക്രമണ പരമ്പര നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ്.
എൻഐഎ അന്വേഷണമനുസരിച്ച്, ഗൂഢാലോചനയ്ക്ക് പിന്നിൽ പാക് ഭീകരർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ജനങ്ങളിൽ ഭീതി പടർത്തുന്നു. കശ്മീർ താഴ്വരയിലെ തങ്ങളുടെ ഏജന്റുമാർക്കും കേഡർമാർക്കും ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നുകളും എത്തിക്കാനും അവർ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
റെസിസ്റ്റൻസ് ഫ്രണ്ട് (TRF), യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ജമ്മു & കശ്മീർ (ULFJ&K), മുജാഹിദീൻ ഗസ്വത്-ഉൽ-ഹിന്ദ് (MGH), ജമ്മു ആൻഡ് കശ്മീർ ഫ്രീഡം ഫൈറ്റേഴ്സ് (JKFF), കശ്മീർ ടൈഗേഴ്സ്, PAAF എന്നിവയും അന്വേഷണത്തിലാണ്. നിരോധിത സംഘടനകളായ ലഷ്കർ-ഇ-ത്വയ്ബ (LeT), ജയ്ഷ്-ഇ-മുഹമ്മദ് (JeM), ഹിസ്ബുൽ-മുജാഹിദ്ദീൻ (HM), അൽ-ബദർ, അൽ-ഖ്വയ്ദ എന്നിവയുമായി ഈ സംഘടനകൾ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അന്വേഷണത്തിൽ എൻഐഎ കണ്ടെത്തി.
Comments