തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാങ്ക് ജീവനക്കാരിയുടെ മുഖത്ത് വീട്ടമ്മ മുളകുവെള്ളം ഒഴിച്ചു. വായ്പാ തിരിച്ചടവ് മുടങ്ങിയത് അന്വേഷിക്കാനെത്തിയ ജീവനക്കാരിയുടെ മുഖത്തേക്കാണ് യാതൊരു പ്രകോപനവും കൂടാതെ വീട്ടമ്മ മുളകുവെള്ളം ഒഴിച്ചത്. ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനു പുറമേ അസഭ്യവർഷവും നടത്തിയെന്നാണ് പരാതി.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പാറശ്ശാല സ്വദേശിയായ ജിനിമോളുടെ മുഖത്താണ് വീട്ടമ്മ മുളകുവെള്ളമൊഴിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഉഷ, അശ്വതി, ഇന്ദുലേഖ എന്നിവർ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. മുളകുവെള്ളം വീണ് നീറ്റൽ അനുഭവപ്പെതിനെ തുടർന്ന് ജിനിമോൾ ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തു.
കോട്ടുകാൽ പയറ്റുവിള സ്വദേശി ലതയാണ് പ്രതി. ലത ബാങ്കിൽ നിന്നും വായ്പയെടുത്തിരുന്നു. തിരിച്ചടവ് മാസങ്ങളായി മുടങ്ങിയതിനെത്തുടർന്നാണ് ജിനിമോളുടെ നേതൃത്വത്തിൽ ജീവനക്കാർ ലതയുടെ വീട്ടിലെത്തിയത്.എന്നാല്‍ മുടങ്ങിയ തുക പെട്ടെന്നു തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രകോപിതയായ ലത വീട്ടിനുള്ളിൽ നിന്നും മുളകുവെള്ളം കലക്കി ഇവരുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. സംഭവത്തിൽ ജിനിമോൾ നൽകിയ പരാതിയിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.
Comments