കൊല്ലം: 21 കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന കണ്ടെത്തൽ. കടയ്ക്കൽ സ്വദേശിയായ ആദർശ്(21)കൊല്ലപ്പെട്ട സംഭവത്തിൽ അച്ഛൻ തുളസി, അമ്മ മണിയമ്മാൾ, അഭിലാഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഒമ്പത് മണിയോടെ മദ്യപിച്ചെത്തിയ ആദർശ് വീട്ടിൽ പ്രശ്നമുണ്ടാക്കുകയും സഹോദരനും അച്ഛനുമായും വാക്കുത്തർക്കമുണ്ടാകുകയും ചെയ്തിരുന്നു. തുടർന്ന് തർക്കവും ബഹളവും പരിധി കടന്നതോടെ സഹോദരൻ ആദർശിന്റെ കൈകൾ കെട്ടിയിട്ടു. പിന്നീടും ആദർശ് ബഹളം വെച്ചതോടെ രാത്രി 12 മണിയ്ക്ക് അച്ഛനും സഹോദരനും ചേർന്ന് ആദർശിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ആദർശിന്റെ അമ്മയും ഇവരോടൊപ്പം ചേർന്ന് മൃതദേഹം അടുക്കളയുടെ സമീപത്തുള്ള മുറിയിൽ കെട്ടിത്തൂക്കി. രാവിലെ ആദർശിന്റെ അമ്മ തുളസി മകൻ ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടുകാരെ ധരിപ്പിക്കുകയായിരുന്നു.
ആദർശിന്റെ മരണവിവരം അറിഞ്ഞയുടനെ പോലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. പോലീസ് വീട്ടിലെത്തുമ്പോൾ ആദർശിന്റെ മൃതദേഹം നിലത്ത് കിടക്കുകയായിരുന്നു. തങ്ങൾ കെട്ടഴിച്ചിട്ടുവെന്നായിരുന്നു വീട്ടുകാരുടെ വിശദീകരണം. എന്നാൽ സംശയാസ്പദമായി പലതും പോലീസിന്റെ കണ്ണിൽപ്പെട്ടിട്ടുണ്ടായിരുന്നു. കഴുത്തിൽ തുണി മുറുക്കിയതിന് പുറമേ കയർകൊണ്ട് മുറുക്കിയ പാടുകളും കഴുത്തിലുണ്ടായിരുന്നു. കൂടാതെ ശരീരത്തിൽ നിരവധി മുറിവുകളും കണ്ടെത്തി. തുടർന്ന് കൊലപാതകമെന്ന സംശയവും ഉയർന്നു.
സംഭവത്തെ തുടർന്ന് അന്ന് തന്നെ ആദർശിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. മൂന്ന് പേരുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യമുണ്ടായതോടെ സംശയം കൂടുതൽ കടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴുത്തിൽ കയർ കൊണ്ട് മുറുക്കിയതാണ് മരണകാരണം എന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. ഇതോടെ മൂന്ന് പോരെയും വീണ്ടും ചോദ്യം ചെയ്തു. അതിനിടയിൽ അമ്മ സത്യാവസ്ഥ പറയുകയായിരുന്നു.
Comments