പാലക്കാട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനം യുവാവിനെതിരെ ഭീഷണി മുഴക്കിയത്. പാലക്കാട് ചിറ്റൂർ വാൽമുട്ടി കോളനിയിലെ ജയകൃഷ്ണനാണ് വീട്ടിനകത്തു തൂങ്ങിമരിച്ചത്.
ഇന്നലെ വൈകിട്ടോടെയാണ് യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത വായ്പയുടെ ആഴ്ച ഗഡുവായ 716 രൂപ മുടങ്ങിയതിനാൽ മാനേജരും ജീവനക്കാരും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ചിറ്റൂർ വെള്ളാന്തറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു 10 പേരടങ്ങുന്ന സംഘം വായ്പയെടുത്തിരുന്നു. അതിൽ ഒരാളാണ് ജയകൃഷ്ണൻ. സ്ത്രീകളുടെ പേരിൽ മാത്രമേ വായ്പ കൊടുക്കൂ എന്നതിനാൽ ഭാര്യയുടെ പേരിലായിരുന്നു കടമെടുത്തത്. ആഴ്ചതോറും 716 രൂപയാണ് തിരിച്ചടയ്‌ക്കേണ്ടത്.
എന്നാൽ കൂലിപ്പണിക്കാരനായ ജയകൃഷ്ണന് പനി ബാധിച്ചു. കിടപ്പിലായതോടെ ഒരാഴ്ചയിലേറെയായി പണിക്കു പോകാൻ സാധിക്കാതെ വന്നതോടെ തിരിച്ചടവ് മുടങ്ങി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
അഞ്ചു മണിക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ കേസാകുമെന്നായിരുന്നു ഭീഷണി.
മരിക്കുന്നതിന് മുൻപ് ഭാര്യാസഹോദരന്മാരെ ഫോണിൽ വിളിച്ചു വായ്പ തിരിച്ചടവിനുള്ള തുക ജയകൃഷ്ണൻ കടം ചോദിച്ചിരുന്നു. ഇവർ പണവുമായി വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി ഓടുപൊളിച്ചു നോക്കിയപ്പോഴാണു ജയകൃഷ്ണനെ മരിച്ചനിലയിൽ കണ്ടത്. സ്ഥാപനത്തിന്റെ മാനേജരെയും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments