തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ സമ്മാനം നേടിയ വ്യക്തിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ കേശവപുരം സ്വദേശി രാജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോട്ടറി സമ്മാനം നേടിയ ദിവസം മുതൽ യുവാവിനെ കാണാനില്ല എന്ന പരാതിയുമായി കുടുംബം പോലീസിനെ സമീപിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
രാജീവ് സ്ഥിരമായി ലോട്ടറിയെടുക്കുന്നയാളാണ്. രണ്ട് ദിവസത്തിന് മുമ്പ് ഇയാൾ എടുത്ത ലോട്ടറി ടിക്കറ്റിന് രാജീവിന് ചെറിയൊരു തുക സമ്മാനമായി ലഭിച്ചിരുന്നു.
ലോട്ടറി ടിക്കറ്റ് കടയിൽ കൊടുത്ത് മാറ്റിയ ശേഷം രാജീവിനെ കാണാതാകുകയായിരുന്നു. രാജീവ് മുമ്പ് ഗൾഫിൽ ജോലി ചെയ്തിരുന്നയാളാണ്. നാട്ടിലെത്തിയ ശേഷം വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രണ്ട് ദിവസമായി രാജീവിനെ കുറിച്ച് അറിവൊന്നും ലഭിക്കാത്തതിനാൽ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ രാജീവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. കിണറിന്റെ കൈവരിയിൽ ഇരുന്നപ്പോൾ അറിയാതെ വീണതാകാമെന്നാണ്
പോലീസ് നിഗമനം. അതേസമയം മരണത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Comments