കൊൽക്കത്ത: പ്രതിപക്ഷ പാർട്ടികൾ ഐക്യത്തിനൊരുങ്ങുന്നതിനിടയിലാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് രംഗത്തു വന്നിരിക്കുന്നത്. ജനാധിപത്യത്തെ, ആക്രമിച്ചുകൊണ്ട് രക്ഷിക്കാനാകില്ലെന്നും തൃണമൂലിന്റേത് ഏകാധിപത്യമാണെന്നും ബൃന്ദ പറഞ്ഞു. പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പിൽ നടന്ന അതിക്രമങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബൃന്ദയുടെ വിമർശനം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ടത് ടിഎംസിയുടെ ഏകാധിപത്യമാണെന്നും ബൃന്ദ കൂട്ടിച്ചേർത്തു.
ജനാധിപത്യം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക എന്ന ആശയം ടിഎംസി എങ്ങനെ ഉയർത്തുമെന്നും ഇത്തരത്തിൽ അക്രമങ്ങൾ കാണിക്കുന്ന ടിഎംസി എങ്ങനെ ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും ബൃന്ദ ചോദിച്ചു. ജനാധിപത്യത്തെ ആക്രമിച്ചുകൊണ്ട് അതിന്റെ സംരക്ഷകനാണെന്ന് അവകാശപ്പെടുന്നത് വില കുറഞ്ഞ രീതിയാണെന്ന് ബൃന്ദ കൂട്ടിച്ചേർത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബംഗാളിലെ പല ജില്ലകളിലും നടന്ന അക്രമത്തിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വോട്ടെടുപ്പിനിടെ, ബാലറ്റ് പെട്ടികൾ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കുകയും ചെയ്തു.
അതേസമയം, ബെംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം പൂർത്തിയായതിന് പിന്നാലെ ഐക്യത്തിൽ പൊട്ടിത്തെറി തുടങ്ങി. തങ്ങൾക്ക് അധികാരം വേണ്ട എന്ന് കോൺഗ്രസ് പറഞ്ഞതിന് പിന്നാലെ മമതയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് നിലപാടുമായി തൃണമൂൽ രംഗത്തു വന്നു. പേര് നിർദ്ദേശിച്ചതിൽ പോലും പ്രതിപക്ഷം തമ്മിൽ പൊരുതി. കടുത്ത പ്രതസന്ധികൾ നിഴലിക്കുമ്പോഴും യാതൊന്നമില്ലെന്നാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ വാദം. കഴിഞ്ഞ യോഗത്തിൽ നിന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തെ പോയതിന് പിന്നിലും അനൈക്യമാണെന്നാണ് റിപ്പോർട്ടുകൾ.
Comments