ആലപ്പുഴ: കാറിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഹാൻസ് ശേഖരം പിടികൂടി പോലീസ്. ആലപ്പുഴയിൽ കുത്തിയതോട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് 6,450 പാക്കറ്റ് ഹാൻസ് കണ്ടെത്തിയത്. സംഭവത്തിൽ തോട്ടപ്പള്ളി ഷെമി മൻസിൽ ഷെമീർ, അഷ്കർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ കണ്ണുവെട്ടിച്ച് തീരദേശ റോഡിലൂടെ ഹാൻസ് കടത്താൻ ശ്രമിക്കുമ്പോഴാണ് ഇവരെ പിടികൂടുന്നത്.
ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ നിരോധിത പുകയില ഉത്പന്നങ്ങൾ കൊണ്ട് വന്നിരുന്നത്. പാക്കറ്റിന് 20 രൂപ വില വരുന്ന പുകയില ഉത്പന്നം 80 രൂപയ്ക്കാണ് പ്രതികൾ കേരളത്തിൽ വിറ്റിരുന്നതെന്നും മാസങ്ങളായി ഇവർ ഹാൻസ് വിൽപ്പന നടത്തി വരുന്നവരാണെന്നും പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ഹാൻസും കാറും പോലീസ് കോടതിക്ക് കൈമാറി. അതേസമയം ജില്ലയിലുടനീളം പരിശോധന ശക്തമാക്കാനും ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments