അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് പുനരുപയോഗ ഊർജ പാർക്ക് ഗുജറാത്തിലെ ഖവ്ദ മരുഭൂമിയിൽ നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് . 2030 ഓടെ 45 GW പുനരുപയോഗ ഊര്‍ജ്ജ ശേഷി സൃഷ്ടിക്കാനുള്ള പദ്ധതിയാണ് കമ്പനി ലക്ഷ്യമിടുന്നത്.ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിയാണ് ഇക്കാര്യം അറിയിച്ചത്.
72,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാർക്ക് പ്രവർത്തനക്ഷമമായാൽ 20 GW ഹരിത ഊർജം ഉൽപ്പാദിപ്പിക്കും. വൈവിധ്യമാർന്ന അദാനി പോർട്ട്ഫോളിയോയുടെ പുനരുപയോഗ ഊർജ വിഭാഗമായ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) ആണ് പദ്ധതി വികസിപ്പിക്കുന്നത്.
‘ഞങ്ങള്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് റിന്യൂവബിള്‍സ് പാര്‍ക്ക് – മരുഭൂമിയുടെ മധ്യത്തില്‍, ഖവ്ദയില്‍ നിര്‍മ്മിക്കുകയാണ്. ഇത് ഏറ്റവും സങ്കീര്‍ണ്ണവും അതിമോഹനവുമായ പദ്ധതിയായിരിക്കുമെന്നും ഞങ്ങളുടെ എക്സിക്യൂഷൻ ചരിത്രത്തിലെ ഏതൊരു പ്രോജക്റ്റിനേക്കാളും വേഗത്തിൽ ഇത് നിർമ്മിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നുവെന്നും ‘ ഗൗതം അദാനി പറഞ്ഞു.
പുനരുപയോഗ ഊർജത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ഉൽപ്പാദനത്തിന്റെ ഇടവേളകൾ പരിഹരിക്കുകയും വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് കൂടുതൽ വിശ്വസനീയമായ പരിഹാരം നൽകുകയും ചെയ്യുന്നതാണ് ഹൈബ്രിഡ് പവർ പ്ലാന്റ് . സൂര്യന്റെ പ്രകാശം പ്രയോജനപ്പെടുത്തുന്നതിനും കാറ്റിൽ നിന്ന് ചെലവ് കുറഞ്ഞ വൈദ്യുതി വേർതിരിച്ചെടുക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകളാകും ഉപയോഗിക്കുക .
Comments