ഇന്ത്യക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രായമാകാത്ത കുട്ടികളെ ഉപയോഗിച്ച് പാകിസ്താൻ. കൊടും ഭീകരൻ യാസീൻ മാലിക്കിന്റെ ഇനിയും പ്രായപൂർത്തിയാകാത്ത മകൾ റസിയ സുൽത്താനെയാണ് ഇത്തവണ പാകിസ്താൻ ആയുധമാക്കിയത്. തന്റെ പിതാവ് നിരപരാധിയാണെന്നായിരുന്നു യാസീൻ മാലിക്കിന്റെ മകൾ റസിയ സുൽത്താൻ, പാക് അധീന കശ്മീരിലെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ വ്യാജ ആരോപണങ്ങൾക്കായി പാക് അധീന കശ്മീരിലെ പാർലമെന്റ് തുറന്നുകൊടുത്താതായി വേണം മനസിലാക്കാൻ. അനേകം മനുഷ്യ ജീവനുകൾ ഇല്ലാതാക്കിയ കൊടും കുറ്റാവാളിയെ വെള്ള പൂശാനായി പാക് ഭരണകൂടം 11 വയസ് മാത്രമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആയുധമാക്കി. കശ്മീർ താഴ്വരയിൽ ഭീകരവാദത്തിന്റെ വളർച്ചക്ക് വെള്ളവും വളവുമായി പ്രവർത്തിച്ച ഭീകരവാദിയാണ് യാസീൻ മാലിക്ക്.
ഇന്ത്യൻ സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയത് സ്വീകാര്യമല്ല. കശ്മീരിലെ ജനങ്ങളെ കൊന്നൊടുക്കുകയും താഴ്വരയിലെ ഭീകരവാദത്തിന്റെ വളർച്ചയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുകയും ചെയ്ത തന്റെ പിതാവ് യാസീൻ മാലിക്ക് നിരപരാധിയാണെന്നും ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നാശം വരുത്തിയ പാകിസ്താൻ അജണ്ടയെ പിന്തുണക്കുകയും ചെയ്തുകൊണ്ട് മുൻകൂർ തയ്യാറാക്കിയ പ്രസംഗം റസിയ സുൽത്താൻ വായിച്ചു. ഇതാദ്യമല്ല പ്രായപൂർത്തിയാകാത്തവരെ പാകിസ്താൻ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. മുൻപ് തീവ്രവാദ പരിശീലനത്തിനായി പാക് അധീന കശ്മീരിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും നുഴഞ്ഞുകയറ്റത്തിനുള്ള ഉപാധിയായി ഇന്ത്യൻ അതിർത്തിയിലേക്ക് അയക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് തലവൻ യാസീൻ മാലിക്കിനെ 2017-ൽ കശ്മീർ താഴ്വരയിലെ ഭീകരവാദ- വിഘടനവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഡൽഹി കോടതി കഴിഞ്ഞ വർഷം മേയ് 25-ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ഇന്ത്യയിൽ പാകിസ്താൻ പ്രചാരണം നടത്തുന്നതിൽ യാസീൻ മാലിക് പ്രധാന പങ്കുവഹിച്ചു. ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനായി പാകിസ്താനിൽ നിന്ന് പണം സ്വീകരിച്ചു. 2016-ൽ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യാസീനെതിരെ ഭീകരവാദ ധന സമാഹരണത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും 2019-ൽ സമർപ്പിച്ച കുറ്റപത്രത്തിൽ യാസീനെയും മറ്റ് നാല് പേരേയും ഉൾപ്പെടുത്തുകയും ചെയ്തു. 1990-ൽ നാല് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനും റുബയ്യയെ തട്ടിക്കൊണ്ടുപോയതിനും പിന്നിൽ യാസീൻ മാലിക്കിന് പങ്കുണ്ട്. ജമ്മുവിലെ പ്രത്യേക സിബിഐ കോടതിയിലാണ് രണ്ട് കേസുകളുടെയും വിചാരണ നടക്കുന്നത്.
ഇന്ത്യ വിരുദ്ധ ശക്തികൾക്ക് കൂട്ടുനിന്ന ഇന്ത്യൻ രാഷ്‌ട്രീയ നേതൃത്വവും സാംസ്‌കാരിക പ്രവർത്തകർ എന്ന് മേനി നടിക്കുന്നവരും യാസീന്റെ അടുപ്പക്കാരിലുണ്ടായിരുന്നു എന്നതായിരുന്നു ഇത്ര നാളും യാസീൻ അടക്കമുള്ളവരുടെ ശക്തി. രാജ്യ വിരുദ്ധതയുടെ മുഖം, മറച്ചും മറയ്‌ക്കാതെയും അവർ വിധ്വംസക ശക്തികൾക്ക് ചൂട്ടെടുത്തു. ഇന്ന് ഇത്തരം പ്രതിലോമ ശക്തികൾക്ക് ഉണ്ണാനും ഉരിയാടനും സാധിക്കുന്നില്ല. അതിന് അവർ കണ്ടെത്തിയ വഴിയാണ് വ്യാജ ആരോപണങ്ങൾ. എന്നാൽ ഇന്ന് അതിന് കൃത്യവും സ്പഷ്ടവുമായ ഉത്തരം നൽകാൻ രാജ്യത്തിന് സാധിക്കുന്നുണ്ട്.
Comments