തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തിൽ 53 വർഷത്തിന് ശേഷം ഒഴിവ് നികത്താൻ ഒരാളെത്തും. ഉപതിരഞ്ഞെടുപ്പിന് വേണ്ടിയുള്ള നടപടികൾക്ക് നിയമസഭ ഇന്ന് തുടക്കമിട്ടു. പുതുപ്പള്ളി ജനപ്രതിനിധിയുടെ വിയോഗവിവരം നിയമസഭ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. തുടർ നടപടികൾ കമ്മീഷൻ തീരുമാനിക്കും. നിലവിലെ സാഹചര്യങ്ങൾ വച്ച് ഒക്ടോബറിലാകും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.
രാജസ്ഥാൻ മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകൾ ഒക്ടോബറിൽ ഉണ്ടാകുമെന്നും ഈ കൂട്ടത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്നുമാണ് വിലയിരുത്തൽ. സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽ കാലാവധി ബാക്കിയുണ്ടെങ്കിൽ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം.
ഇതിനോടകം തന്നെ ഉമ്മൻചാണ്ടിയുടെ പകരക്കാരനായി ചാണ്ടി ഉമ്മൻ തന്നെ മത്സരിക്കുമോ എന്ന ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളായ പ്രധാന നേതാക്കളുടെ വേർപാടുണ്ടായാൽ കുടുംബത്തിൽ നിന്ന് തന്നെ പിൻഗാമികളെ കണ്ടെത്തുന്ന രീതിയാണ് കോൺഗ്രസിനുള്ളത്. ജി കാർത്തികേയൻ മരിച്ചപ്പോൾ അരുവിക്കരയിൽ കെഎസ് ശബരീനാഥനും പി ടി തോമസ് മരിച്ചപ്പോൾ തൃക്കാക്കരയിൽ ഭാര്യ ഉമ തോമസും സ്ഥാനാർത്ഥികളായി വിജയം നേടിയിരുന്നു. അതിനാൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നുതന്നെയാകും യുഡിഎഫ് സ്ഥാനാർത്ഥി.
രാഹുൽ ബ്രിഗേഡിലുള്ള ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ പകരക്കാരനായി ഇറങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ ചാണ്ടി ഉമ്മന് എഐസിസിയുടെ ചുമതല നൽകി ഡൽഹിയിൽ പ്രവർത്തിപ്പിക്കണമെന്ന ആഗ്രഹം രാഹുലിനുണ്ട്. ഇതിന് സമ്മതമറിയിച്ചാൽ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകും.
Comments