ശ്രീനഗർ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഭരണകൂടത്തിന്റെ പ്രഥമ പരിഗണനയെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ക്ഷേമ പദ്ധതികളുടെ നടത്തിപ്പും അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക സുരക്ഷാ, അധഃസ്ഥിതരുടെ സാമൂഹിക സാമ്പത്തിക ശാക്തീകരണം എന്നിവയാണ് തങ്ങളുടെ മുൻഗണന വിഷയങ്ങൾ എന്ന് സിൻഹ പറഞ്ഞു. പുരോഗതിയുടെയും സാമ്പത്തിക വളർച്ചയുടെയും നേട്ടങ്ങൾ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. അവസാനത്തെ വ്യക്തിയുടെ വരെ ആവശ്യങ്ങളെ അഭിസംബോന ചെയ്യേണ്ടതും ജനങ്ങളുടെ അന്തസ്സ് ഉറപ്പാക്കേണ്ടതും തങ്ങളുടെ ധാർമികവും ഭരണഘടനാപരവുമായ കടമയാണെന്നും സിൻഹ കൂട്ടിച്ചേർത്തു.
എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം, സ്ത്രീ ശാക്തീകരണം, കുട്ടികളുടെ ശാക്തീകരണം, സുരക്ഷിതത്വം, ഗുണനിലവാരമുള്ള ജീവിതം എന്നിവ ഉറപ്പാക്കണെന്ന് യോഗത്തിൽ സിൻഹ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. എല്ലാ ക്ഷേമ പദ്ധതികളുടെയും പൂർത്തികരണം 100 ശതമാനം ഉറപ്പാക്കാനും നിലവിലുള്ള പദ്ധതികളുടെ അവസ്ഥ വിലയിരുത്താനും യോഗത്തിൽ തീരുമാനിച്ചു.
ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ, മുതിർന്ന പൗരന്മാർ, പട്ടികജാതി-പട്ടികവർഗക്കാർ, പഹാരി സമുദായക്കാർ തുടങ്ങിയവരുടെ ക്ഷേമ നടപടികളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. കോന്ദ്ര സർക്കാരുമായി സഹകരിച്ച് വികലാംഗർക്കായി ജമ്മു കശ്മീർ ഡിവിഷനുകളിൽ രണ്ട് മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കാൻ സാമൂഹ്യക്ഷേമ വകുപ്പിന് സിൻഹ യോഗത്തിൽ നിർദ്ദേശം നൽകി.
Comments