തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കലാ-കായിക വിനോദങ്ങൾക്കുള്ള പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന നിർദേശവുമായി പൊതു വിദ്യാഭ്യാസ ഡയറക്ടർ. ബാലാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സർക്കുലർ പുറത്തിറക്കിയത്. വിദ്യാർത്ഥികളിൽ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തിൽ നടപടി.
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ കലാ-കായിക വിനോദങ്ങൾക്കുള്ള പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ നോട്ടീസിൽ പറയുന്നു. ഇത് സംബന്ധിച്ച് കുട്ടികളുടെ ഭാഗത്ത് നിന്ന് പരാതികളും ലഭിച്ചു. ഇങ്ങനെ കലാ-കായിക വിനോദങ്ങൾക്കുള്ള പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും ബലാവകാശ കമ്മീഷനിൽ ലഭിച്ച പരാതിയിൽ ആരോപിച്ചിരുന്നു.
പരാതികളുടെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഇക്കഴിഞ്ഞ മേയ് മാസം നോട്ടീസ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും വേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ജൂലൈ 19-ന് സർക്കുലർ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകൾക്കും ഈ സർക്കുലർ ലഭ്യമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Comments