തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സിസിടിവി സ്ഥാപിക്കുമെന്ന ആരോഗ്യ വകുപ്പിന്റെ പ്രഖ്യാപനവും പാഴ് വാക്കായി. ഡിഎച്ച്എസ് ഉൾപ്പടെയുള്ള പ്രധാന കേന്ദ്രങ്ങളിലല്ലാതെ മറ്റെവിടെയും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. സർക്കാരിന്റെ മെല്ലെ പോക്കിൽ ആരോഗ്യ പ്രവർത്തകരിൽ നിന്നും വ്യാപക വിമർശനം ഉയരുകയാണ്.
സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ ഉൾപ്പടെ എല്ലായിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കും, പ്രതികളെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിലോ വീഡിയോയിലോ പകർത്തും തുടങ്ങിയവയായിരുന്നു ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിലെ പ്രഖ്യാപനങ്ങൾ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ചയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വന്ദനാദാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നത്.
എന്നാൽ ഇപ്പോഴും ആരോഗ്യ വകുപ്പിന്റെ ആസ്ഥാനമുൾപ്പടെയുള്ള ചില പ്രധാന കേന്ദ്രങ്ങളിലല്ലാതെ മറ്റെവിടെയും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനായി ധനവകുപ്പ് ഫണ്ട് അനുവദിച്ചിട്ടില്ലെന്നതാണ് അനൗദ്യോഗിക വിശദീകരണം. ആശുപത്രികളിലെ സുരക്ഷ സംബന്ധിച്ച നിർദ്ദേശം കേന്ദ്ര സർക്കാരും സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. പതിവു പോലെ ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനങ്ങൾ പാഴ് വാക്കാകുന്നതിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ വ്യാപക വിമർശനമാണുയരുന്നത്.
Comments