തിരുവനന്തപുരം: സിനിമ രംഗത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ഡിജിപി ടോമിൻ തച്ചങ്കരി. ഈ മാസം അവസാനം സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെയാണ് സിനിമാ മേഖലയിലേക്ക് തച്ചങ്കരി എത്തുന്നത്. ഭാര്യ അനിതയുടെ പേരിൽ ഉണ്ടായിരുന്ന റിയാൻ സ്റ്റുഡിയോ വീണ്ടും സജീവമാക്കാനും തച്ചങ്കരി ഒരുങ്ങുകയാണ്.
കുസൃതിക്കാറ്റ്, ബോക്സർ, മാന്ത്രികക്കുതിര തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീതസംവിധാനം തച്ചങ്കരി മുൻപ് നിർവഹിച്ചിട്ടുണ്ട്. ഇതിൽ ചില ഗാനങ്ങൾ ഹിറ്റായിരുന്നു. വചനം എന്ന ആൽബത്തിലെ ‘രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണെ” എന്ന ഗാനരചനയിലൂടെ അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് നിരവധി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് രചനയും സംഗീതവും നൽകി. 1993-1996 കാലഘട്ടത്തിൽ ടോമിൻ തച്ചങ്കരിയുടെ സംഭാവനകളായി ശ്രദ്ധേയമായനിരവധി ക്രിസ്തീയ ഗാനങ്ങളുണ്ട് .
പോലീസ് മേധാവി സ്ഥാനത്തേക്ക് എത്തപ്പെടും എന്ന് വ്യാപകമായി കരുതപ്പെട്ടിരുന്ന തച്ചങ്കരിക്ക് സർക്കാർ അവസരം നൽകിയില്ല. ഐപിഎസുകാർക്കിടയിലെ തന്നെ കുതികാൽവെട്ടാണ് അതിന്റെ കാരണം എന്ന് പറയപ്പെടുന്നു. നിരവധി കേസുകളും ആരോപണങ്ങളും തച്ചങ്കരിക്കെതിരെ ഉയർന്നു വന്നു. ഇതിന്റെ ഒക്കെ പിന്നിൽ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് ആരോപണം. ഈ പശ്ചാത്തലത്തിലാണ് സർവ്വീസ് കാല അനുഭവങ്ങൾ ആദ്യ സിനിമയ്ക്കും എന്ന തച്ചങ്കരിയുടെ താത്പര്യം ചർച്ചയാകുന്നത്.
ഇതിനൊപ്പം ഭാര്യ അനിതയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വിവാദ റിയാൻ സ്റ്റുഡിയോയുടെ പ്രവർത്തനം സജീവമാക്കാനും തീരുമാനമുണ്ട്. നേരത്തെ വ്യാജ സി ഡി വേട്ട സംബന്ധിച്ച നിരവധി ആരോപണങ്ങൾ റിയാൻ സ്റുഡിയോയെ പറ്റി ഉണ്ടായിരുന്നു. അക്കാലത്ത് ആന്റി പൈറസി നോഡൽ ഓഫീസർ ആയിരുന്ന ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ വ്യാജ സിഡി ക്കെതിരെ കേരളമാകെ വേട്ട നടത്തിയപ്പോൾ റിയാൻ സ്റ്റുഡിയോയും ആരോപണ വിധേയമായിരുന്നു .
തച്ചങ്കരി ഈ മാസം അവസാനത്തോടെ സർവീസിൽ നിന്ന് വിരമിച്ച ശേഷം സിനിമ രംഗത്തേക്ക് കടക്കുമെന്നാണ് അറിയുന്നത്. സർവ്വീസ് അനുഭവങ്ങൾ വെച്ചുള്ള സിനിമയുടെ തിരക്കഥാ രചന ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞതായാണ് വിവരം. സംവിധായകനെയും താരങ്ങളെയും ഉടൻ തീരുമാനിക്കും.
വിരമിക്കൽ സമയത്ത് പോലീസ് സേനയ്ക്കുള്ള ആദരമായി ഒരു ഗാനവും തച്ചങ്കരി ചിട്ടപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. പോലീസ് ആസ്ഥാനം എഡിജിപി, ക്രൈംബ്രാഞ്ച് മേധാവി, ഫയർഫോഴ്സ് മേധാവി തുടങ്ങിയ പദവികൾ വഹിച്ച തച്ചങ്കരി 1987 ഐ പി എസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്.
Comments