ദുബായ്: ഈന്തപ്പഴങ്ങളുടെ വ്യത്യസ്ത രുചികൾ സമ്മാനിച്ച് 19-ാമത് ലിവ അന്താരാഷ്ട്ര ഈന്തപ്പഴ മഹോത്സവം. ഈന്തപ്പഴ കർഷകരെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വർഷങ്ങളായി ലിവയിൽ ഈന്തപ്പഴോത്സവം സംഘടിപ്പിക്കുന്നത്. അബുദാബിയുടെ പടിഞ്ഞാറൻ പ്രവശ്യയായ ലിവയിൽ പ്രത്യേകമായൊരുക്കിയ വേദിയിൽ വിവിധ ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഈന്തപ്പഴത്തിന്റെ വലിപ്പം, നിറം, രുചി, ജനുസ്സ് എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് പ്രദർശനം.
വിപണിയിലെ മുന്തിയ ഇനം ഈന്തപ്പഴം വരെ പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ പ്രശസ്ത ഈന്തപ്പഴ ഇനങ്ങളായ ദബാസ്, ഖലാസ്, കുനൈസി, ഫാർത്, ബൂമാൻ എന്നിവയാണ് ലിവ മേളയുടെ പ്രത്യേകത. യുഎഇയുടെ ചരിത്രവും ഈന്തപ്പനയും എത്രമാത്രം ബന്ധപ്പെട്ട് കിടക്കുന്നു എന്നത് വ്യക്തമാക്കും വിധമാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. ഈന്തപ്പനയോല കൊണ്ട് ഉണ്ടാക്കിയ പായകൾ, വിശറികൾ, പാത്രങ്ങൾ, ഈന്തപ്പനയോലയുടെ തണ്ട് കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങൾ, വിളക്ക് കാലുകൾ, മേശകൾ, ഈന്തപ്പനയുടെ കാതൽ കൊണ്ടുണ്ടാക്കിയ പഴകാല താമസകേന്ദ്രങ്ങളുടെ മാതൃകകൾ, പണപ്പെട്ടികൾ, ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ സ്മാർട്ട് ഉപകരണങ്ങളുടെ ലോകത്ത് വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നത്.
ഈന്തപ്പഴങ്ങളുടെ വലിപ്പം, ഈന്തപ്പഴങ്ങളുടെ ആരോഗ്യം എന്നിവയെല്ലാം പരിഗണിച്ചുള്ള മത്സരങ്ങൾക്കും മേള വേദിയായി. ഈന്തപ്പഴങ്ങൾ കൊണ്ടുള്ള അലങ്കാരത്തിനും സമൃദ്ധമായ ഈന്തപ്പഴങ്ങൾക്കും വൻതുകയുടെ സമ്മാനമാണ് ജേതാക്കളെ കാത്തിരിക്കുന്നത്. ഈന്തപ്പഴത്തിൽ നിന്നുണ്ടാക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ ജാമുകൾ, സ്‌ക്വാഷ്, മധുര പലഹാരങ്ങൾ, മരുന്നുകൾ, തേൻ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയിൽ പലതും വിപണിയിൽ സുലഭമല്ലാത്തതാണ്. യുഎഇയിൽ വൈവിധ്യമാർന്ന മാമ്പഴങ്ങളുടെ പ്രദർശനവും ശ്രദ്ധേയമായി. കുഞ്ഞൻ മാങ്ങ മുതൽ ഒരു തേങ്ങയോളം വലിപ്പമുള്ളവ വരെ പ്രദർശനത്തിൽ ഇടം പിടിച്ചു. സ്വദേശിയും വിദേശിയുമായ മാവുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച ഇരുപതിലധികം ഇനം മാമ്പഴങ്ങളാണ് കാഴ്ചയും രുചിയുമേകുന്നത്. മാമ്പഴം രുചിക്കാനും വാങ്ങാനും സൗകര്യമൊരുക്കിയിരുന്നു.
19-ാമത് ഈന്തപ്പഴ മേളയിൽ യുഎഇയിലെ വിവിധ ഗവൺമെന്റ വകുപ്പുകളും പ്രദർശനങ്ങൾ സംഘടിപ്പിച്ചു. അബുദാബി പോലീസ്, വിനോദസഞ്ചാര വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, അഡ്നോക്ക് എന്നിവയെല്ലാം ഇതിലുൾപ്പെടും. ഈന്തപ്പഴവും പനയും മരുഭൂമിയും യുഎഇ ജനതയും എത്രമാത്രം ഇഴചേർന്ന് കിടക്കുന്നുവെന്നതാണ് മേള സന്ദർശകരോട് സംവദിക്കുന്നത്. സ്വദേശികളുടെ തനത് ജീവിത രീതികളും പൈതൃകവും വ്യത്യസ്ത അവതരണങ്ങളിലൂടെ മേള വിശദമാക്കി. യുഎഇയുടെ പൈതൃക വിനോദസഞ്ചാര രംഗങ്ങളിലും വലിയ സംഭാവനകളാണ് ഈന്തപ്പഴമേള നൽകുന്നത്.
Comments