ന്യൂഡൽഹി: തടാക സംരക്ഷത്തിന് കൈത്താങ്ങുമായി കേന്ദ്രം. കൊല്ലം ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 88.85 ലക്ഷം രൂപ ഇതുവരെ സംസ്ഥാനത്തിന് നൽകിയതായി കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര പരിസ്ഥിതി വകുപ്പ് സഹമന്ത്രി അശ്വിനി കുമാർ ചൗബെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലിറ്റി എന്ന തണ്ണീർത്തട പദ്ധതി പ്രകാരം 30 ലക്ഷവും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇതോടെ തടാക പരിപാലനത്തിനായി കേന്ദ്രം ഒരു കോടിയിലധികം തുകയാണ് വിനിയോഗിച്ചത്. ക്യാച്ച്‌മെന്റ് ഏരിയ പരിപാലനം, ജലവിഭവ നിർവഹണം, ജൈവ വൈവിധ്യ പരിപാലനം എന്നിവയും സുസ്ഥിര തൊഴിൽ അതിജീവന പദ്ധതികളും തടാകത്തിന്റെ നവീകരിച്ച സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുന്നു.
ശാസ്താംകോട്ട തടാകം ശോഷിക്കുകയോ ജലസംഭരണ വ്യാപ്തി ചുരുങ്ങുകയോ ചെയ്തിട്ടില്ല. തടാകത്തിന്റെ കരകളിലെ ചില ഭാഗങ്ങളിൽ നിന്ന് മണ്ണൊലിപ്പ് മാത്രമാണ് ഉണ്ടായത്. ഇത് തടയാനുള്ള നടപടികൾ സ്വീകരിക്കുന്നതായും കേരള തണ്ണീർത്തട അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. അതോറിറ്റിയുടെ കീഴിൽ ശാസ്താംകോട്ട തടാകത്തിലെ മുൻകൂട്ടി സ്ഥാപിച്ച 21 സ്റ്റേഷനുകളിൽ വെച്ച് തടാകത്തിലെ വെള്ളത്തിന്റെ ഗുണനിലവാര നിർണ്ണയം നടന്ന് വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പരിസ്ഥിതി,വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് കീഴിൽ സംരക്ഷണത്തിനും പരിപാലനത്തിനുമായി കണ്ടെത്തിയ തടാകങ്ങളിലൊന്നാണ് ശാസ്താംകോട്ട തടാകം. 2002-ൽ ഇവിടം റാംസർ സൈറ്റായി പ്രഖ്യാപിച്ചു. സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുന്ന കാവബോറസ് എന്നറിയപ്പെടുന്ന ലാർവയുടെ സാന്നിദ്ധ്യമാണ് തടാകത്തിന്റെ പരിശുദ്ധി. ഉപ്പും മറ്റ് ധാതുക്കളും ലോഹങ്ങളും അടങ്ങിയിട്ടില്ല എന്നതാണ് ഈ തടാകത്തിന്റെ പ്രത്യേകത. ഏകദേശം 27 ഇനം ശുദ്ധജല മത്സ്യങ്ങൾ ഇവിടെയുണ്ട്. ജൈവ വൈവിധ്യത്താൽ സമ്പന്നമായ ഇവിടം മരങ്ങൾ, ഔഷധ സസ്യങ്ങൾ, കുറ്റിച്ചെടികൾ എന്നിവകൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുല്ല്, ചിത്രശലഭങ്ങൾ, ഡ്രാഗൺഫ്‌ളൈകൾ, തണ്ണീർത്തട പക്ഷികൾ എന്നിവയുടെ ആവാസകേന്ദ്രമാണ്.
Comments